
കോഴിക്കോട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി, യാത്രക്കാരുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഈ പ്രവണതയിൽ അധികൃതർ നടപടിയെടുക്കാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ പേരാമ്പ്രയിൽ മാത്രം മൂന്ന് പേർക്ക് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം സ്കൂട്ടർ യാത്രികനായ പത്തൊമ്പതുകാരൻ അബ്ദുൽ ജവാദ് മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തോടെ പ്രതിഷേധം ആളിക്കത്തി. നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധ മാർച്ചുകളും ബസ് തടയലുമായി രംഗത്തെത്തി. മനുഷ്യജീവന് വിലകൽപ്പിക്കാത്ത ഈ മരണപ്പാച്ചിലിന് കർശന നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ യുവജന സംഘടനകളും രംഗത്തുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സമയക്രമീകരണത്തിലെ പ്രശ്നങ്ങളാണ് മത്സരയോട്ടത്തിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നുണ്ടെങ്കിലും, ഇത് മനുഷ്യജീവന് ഭീഷണിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന് പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിതവേഗത, കാതടപ്പിക്കുന്ന ഹോൺ ഉപയോഗം, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്, വാതിലുകൾ തുറന്നിട്ട് സർവ്വീസ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾ നിത്യസംഭവമാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പും സർക്കാരും സ്ഥിരം നിരീക്ഷണവും കർശന നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
അമിതവേഗത ചോദ്യം ചെയ്യുന്ന യാത്രക്കാരെ അസഭ്യം പറയുന്നതും അപമാനിക്കുന്നതും ചില ജീവനക്കാരുടെ പതിവാണ്. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ബസുകൾക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും, പോലീസ് യഥാസമയങ്ങളിൽ ബസുകളെ നിരീക്ഷിക്കണമെന്നുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.











