10:40pm 07 July 2026
NEWS
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി; ജില്ലയിൽ നാളെ അവധി
07/07/2026  04:26 PM IST
nila
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി; ജില്ലയിൽ നാളെ അവധി

കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് വ്യാപകമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമാണം നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നുവീണു. സമീപത്തുണ്ടായിരുന്ന തൊഴിലാളികളും വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു.

അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നതിനിടെ മേപ്പാടി എസ്‌ഐയ്ക്കും പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വയനാട്ടിൽ ഇന്നലെ മുതൽ അതിതീവ്ര മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും ദുരന്തസാധ്യതയും കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ തന്നെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലർച്ചെയും പ്രദേശത്ത് അതിശക്തമായ മഴ ലഭിച്ചതോടെ നിർമാണ മേഖലയിൽ മുൻകരുതൽ ജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img