03:15am 29 October 2026
NEWS
സംശയത്തിന്റെ പേരിൽ യുവതിയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന ഭർത്താവിന് വധശിക്ഷ
31/05/2025  08:55 AM IST
nila
സംശയത്തിന്റെ പേരിൽ യുവതിയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

മലപ്പുറത്ത് യുവതിയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ ഭർത്താവ് നജ്ബുദ്ദീനാണ് (ബാബു) അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസ് വധശിക്ഷ വിധിച്ചത്.  2017 ജൂലൈ 23നാണ് ഇയാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ സാക്ഷികളുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ സഹായകമായത്. 

അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽ വെച്ചാണ് ഇയാൾ സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് നജ്ബുദ്ദീൻ. നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്. റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു. പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img