
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. കറ്റോൾ താലൂക്കിലെ റാവൽഗാവ് ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന എസ്ബിഎൽ കമ്പനിയുടെ ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റിലാണ് അപകടമുണ്ടായത്.
രാവിലെ 7നും 7.15നും ഇടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമായതിനാൽ സ്ഫോടനത്തിന്റെ ആഘാതം ശക്തമായിരുന്നുവെന്നും സമീപപ്രദേശങ്ങളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ഉടൻ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി സമീപത്തെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവമറിഞ്ഞതോടെ ജില്ലാ-പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം വളഞ്ഞിരിക്കുകയാണ്.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം സ്ഥാപനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.











