08:37am 08 October 2026
NEWS
ദോശയിൽ ചത്ത എലി; ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; രണ്ട് യുവതികൾ അറസ്റ്റിൽ
07/10/2026  06:14 AM IST
nila
ദോശയിൽ ചത്ത എലി; ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; രണ്ട് യുവതികൾ അറസ്റ്റിൽ

മുംബൈ: ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. പരാതി ഒത്തുതീർപ്പാക്കാൻ ഹോട്ടലുടമയെ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷ്യസുരക്ഷാ ലംഘനം ആരോപിച്ചുള്ള പരാതിയുടെ മറവിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

മുംബെയിലെ ബോറിവലി വെസ്റ്റിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലിൽനിന്ന് വാങ്ങിയ മൈസൂരു മസാല ദോശയിൽ ചെറിയ ചത്ത എലിയെ കണ്ടെത്തിയെന്നായിരുന്നു അമിത് ത്രിവേദിയുടെ പരാതി. ദോശ കഴിച്ചതിന് പിന്നാലെ പലതവണ ഛർദ്ദിച്ചെന്നും ഇയാൾ പൊലീസിനെയും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെയും അറിയിച്ചു.

പരാതി ഗൗരവമായി എടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നാലെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്.

അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി രണ്ട് സ്ത്രീകൾ ഹോട്ടൽ ഉടമയെ സമീപിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസ് ഒത്തുതീർപ്പാക്കുന്നതിനായി 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ ഹോട്ടൽ എന്നെന്നേക്കുമായി അടച്ചുപൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉടമയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 308(2), 3(5) പ്രകാരം കേസെടുത്ത ബോറിവലി പൊലീസ് രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തു.

അതേസമയം, ദോശയിൽ ചത്ത എലി കണ്ടെത്തിയെന്ന ആദ്യ പരാതിയുടെ യാഥാർഥ്യവും പൊലീസ് പരിശോധിച്ചുവരികയാണ്. എലി ഭക്ഷണത്തിൽ അബദ്ധത്തിൽപ്പെട്ടതാണോ, ഹോട്ടൽ ജീവനക്കാരുടെ വീഴ്ചയാണോ, അതോ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മനഃപൂർവം ദോശയിൽ കൊണ്ടുവച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണവിധേയമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img