
ആലുവയിൽ മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു. മറ്റക്കുഴി സ്വദേശി കല്യാണിയെന്ന മൂന്നു വയസുകാരിയാണ് മരിച്ചത്. കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന അമ്മ സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രി വൈകിയും മൂഴിക്കുളം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി കൊടുംക്രൂരത ചെയ്തത് എന്നാണ് സൂചന. അതേസമയം, സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പറയപ്പെടുന്നു.
കുട്ടുമശ്ശേരി കുറുമശ്ശേരിയിൽ നിന്നും മൂന്നുമണിക്ക് അംഗൻവാടിയിൽ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസിൽ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.
താൻ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇവർക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടർന്നാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് സന്ധ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
മുൻപും ഈ യുവതി കല്യാണിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കൽ കുട്ടിയ്ക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോർച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തൻകുരിശ് പൊലീസിന് മൊഴി നൽകി.
തങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താൻ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയൽവാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.











