
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മധ്യപ്രദേശിന് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദവും സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ വരും ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ സ്വഭാവത്തിലും തീവ്രതയിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.











