07:04am 29 July 2026
NEWS
ഇന്ത്യൻ മഹാസമുദ്രത്തിൽ സേന്യാർ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു
26/11/2025  11:53 AM IST
nila
ഇന്ത്യൻ മഹാസമുദ്രത്തിൽ സേന്യാർ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ ചുഴലിക്കാറ്റ് രൂപംകൊണ്ടു. മലാക്ക കടലിടുക്കിനും ഇന്തൊനീഷ്യയ്ക്കും മുകളിലായാണ് പുതിയ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നത്. “സേന്യാർ” എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. “സിംഹം” എന്ന അർഥം വരുന്ന ഈ പേര് യുഎഇ ആണ് വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്കുള്ള മേഖലാ നാമകരണ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ആൻഡമാൻ കടലിനെയും ദക്ഷിണ ചൈനാ സമുദ്രത്തെയും ബന്ധിപ്പിക്കുന്ന മലാക്ക കടലിടുക്കിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെയും ദക്ഷിണ ശ്രീലങ്കയ്ക്കു സമീപ പ്രദേശങ്ങളുടെയും കാലാവസ്ഥയെയും ഈ ചുഴലിക്കാറ്റ് ഇപ്പോൾ സ്വാധീനിക്കുന്നു. തുടർച്ചയായി ശക്തിപ്പെടുന്ന ലക്ഷണങ്ങളാണെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

അതേസമയം, കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറുമെന്നും ആയതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

ചുഴലിക്കാറ്റിന് പേരിടുന്നതാര്?

ഇന്ത്യൻ സമുദ്രത്തിലെ (ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും) രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ഒരു നിശ്ചിത അന്തർദേശീയ ക്രമത്തിലൂടെ ആണ്. ഇന്ത്യൻ സമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് കാലാവസ്ഥ സംഘടനയുടെ മേൽനോട്ടത്തിലുള്ള ഡൽഹിയിലെ റീജിയണൽ സ്പെഷലൈസ്‍ഡ് മെറ്റിയരോലോജിക്കൽ സെന്റർ (ആർ.എസ്.എം.സി) ആണ്. വടക്കേ ഇന്ത്യൻ സമുദ്രമേഖലയിലെ ഇന്ത്യ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളാണ് പേരുകൾ നിർദേശിക്കുന്നത്.

ഓരോ രാജ്യവും 13 പേരുകൾ വീതം നിർദേശിക്കുന്നു. 2019 ൽ പുതുക്കിയ നിലവിലെ ലിസ്റ്റിൽ 169 പേരുകളുണ്ട്. രാജ്യങ്ങളുടെ പേരിന്റെ അക്ഷരമാല ക്രമത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ പട്ടികയിലെ പേരുകൾ നൽകും. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് മൻത എന്ന് പേരിട്ടത് തായ്‌ലൻഡ് ആണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img