
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ‘മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രിയോടെ ആന്ധ്രയിലെ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കര തൊടും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിമീ വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ചെന്നൈ, ആന്ധ്ര തീരം, ഒഡീഷ, ബംഗാൾ മേഖലകളിൽ ശക്തമായ മഴപെയ്യുകയാണ്. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ മുന്നറിയിപ്പിനൊപ്പം ആളുകളെ മാറ്റിപ്പാർപ്പിക്കൽ ആരംഭിച്ചു. ബംഗാളിലും മഴ ശക്തമായതായാണ് റിപ്പോർട്ട്.
‘മൊൻത’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് ഗതാഗത മേഖലയിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സൗത്ത് സെൻട്രൽ റെയിൽവേ 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ, രാജമുന്ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളിലെ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
“യാത്രക്കാരുടെ സുരക്ഷയാണ് പ്രഥമ പരിഗണന. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ സർവീസ് പുനരാരംഭിക്കൂ,” — റെയിൽവേ അധികൃതർ വ്യക്തമാക്കി.
വിമാന സർവീസുകളെയും ബാധിച്ചു
വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് നിശ്ചയിച്ചിരുന്ന ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുഴുവൻ റദ്ദാക്കി.
അധികൃതർ യാത്രക്കാർക്ക് ടിക്കറ്റ് നില ഓൺലൈൻ ആയി പരിശോധിക്കണമെന്ന് നിർദേശിച്ചു.
സ്കൂളുകൾക്ക് അവധി
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നൈ ജില്ലാ കലക്ടർ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
അറിയിപ്പ്:
യാത്രയ്ക്കായി പുറപ്പെടുന്നതിന് മുൻപ് റെയിൽവേ, എയർലൈൻ വെബ്സൈറ്റുകൾ വഴി സേവനനില പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.











