
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അക് വാൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നു. നിലവിൽ ചുഴലിക്കാറ്റിന്റെ തീവ്രത
വർധിച്ചുവരികയാണെന്നും ഇന്ന് വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽനിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്തുനിന്ന് 670 കിലോമീറ്ററും അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം.
വ്യാഴാഴ്ച രാവിലെയോടെ അക് വാൻ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും ടൂണിക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്. കരയിലെത്തുമ്പോൾ മണിക്കൂറിൽ 120 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യയിലെയും കിഴക്കൻ ഇന്ത്യയിലെയും വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലെ വടക്കൻ ജില്ലകൾക്ക് പുറമെ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും മഴ കനത്തേക്കും. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്.
ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് അക് വാൻ. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും തീവ്രതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നിരീക്ഷിച്ചുവരികയാണ്.










