
ദോഹ:ഖത്തറിലെ വിവരസുരക്ഷ കൺസൾട്ടിംഗ് സേവനങ്ങൾക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് – ഖത്തർ എൽ.എൽ.സി (PwC)-യ്ക്ക് ദേശീയ സൈബർ സുരക്ഷ ഏജൻസി (NCSA) ഔദ്യോഗിക അംഗീകാരം നൽകി. ദേശീയ വിവരസുരക്ഷ അനുസരണ ചട്ടക്കൂടായ നാഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി കോംപ്ലയൻസ് ഫ്രെയിംവർക്ക് (NISCF)-ന്റെ ഭാഗമായി നടപ്പിലാക്കുന്ന കൺസൾട്ടിംഗ് സർവീസസ് അക്രഡിറ്റേഷൻ പ്രോഗ്രാമിനടിയിലാണ് ഈ അംഗീകാരം.
ഖത്തറിൽ വിവരസുരക്ഷ സംബന്ധമായ കൺസൾട്ടിംഗ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക സർട്ടിഫിക്കേഷനാണ് ഈ അക്രഡിറ്റേഷൻ. ഇതുവഴി അംഗീകൃത സേവനദാതാക്കൾക്ക് അവരുടെ ക്ലയന്റുകളുമായി കൂടുതൽ വിശ്വാസബന്ധം സ്ഥാപിക്കാനും, സ്ഥാപനങ്ങളുടെ വൈദഗ്ധ്യം, നേട്ടങ്ങൾ, പരിചയം എന്നിവയ്ക്ക് ഉറപ്പ് നൽകാനും സാധിക്കുമെന്ന് ദേശീയ സൈബർ സുരക്ഷ ഏജൻസി വ്യക്തമാക്കി.
ദേശീയ വിവരസുരക്ഷാ ചട്ടക്കൂടിന് കീഴിലുള്ള ഈ അംഗീകാരം മൂന്ന് വർഷത്തേക്ക് സാധുവായിരിക്കും. എന്നാൽ നിശ്ചിത ഇടവേളകളിൽ നടക്കുന്ന പരിപാലനവും വിലയിരുത്തലും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.











