01:27am 05 July 2026
NEWS
റയിൽവെ സ്റ്റേഷനിൽ നിന്നും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം; അഞ്ചം​ഗ സംഘം അറസ്റ്റിൽ
04/07/2026  04:31 PM IST
nila
റയിൽവെ സ്റ്റേഷനിൽ നിന്നും ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം; അഞ്ചം​ഗ സംഘം അറസ്റ്റിൽ

ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറുകയും ചെയ്തു.

വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ജൂൺ 30-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കർണാടകയിലെ ബീദർ സ്വദേശിനിയും സർക്കസ് തൊഴിലാളിയുമായ മാലൻ ബൗറവ് ശാന്ത ഭായ് ഹൈദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് പുറത്തുള്ള നടപ്പാതയിൽ കുഞ്ഞിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ, രണ്ട് പേർ കുഞ്ഞിനെയുമായി ഓട്ടോറിക്ഷയിൽ കടന്നുകളയുന്നത് കണ്ടെങ്കിലും പിന്തുടർന്നിട്ടും പ്രതികളെ പിടികൂടാനായില്ല.

പരാതിയെ തുടർന്ന് പോലീസ് കമ്മീഷണർ എം. രമേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. സൈബരാബാദ്, ഹൈദരാബാദ്, മൽകാജ്ഗിരി മേഖലകളിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വ്യാപകമായ അന്വേഷണത്തിനൊടുവിൽ 72 മണിക്കൂറിനകം പ്രതികളെ പോലീസ് പിടികൂടി.

കുട്ടികളില്ലാത്ത കൊൽക്കത്ത സ്വദേശിനിയായ റഹ്നുമ അലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റഹ്നുമയും ഹൈദരാബാദിലെ ബന്ധുവായ സീമ അലിയും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. തുടർന്ന് ഇവരുടെ പരിചയക്കാരിയായ നാസിയയുടെ സഹായം തേടുകയും, നാസിയ സുബൈറിനെയും ഇർഫാനെയും ഇതിനായി സമീപിക്കുകയുമായിരുന്നു.

കുഞ്ഞിനെ കണ്ടെത്തി കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപ സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img