06:54pm 10 November 2026
NEWS
വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയ ലേഡി ഡോക്ടർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം; ചിലർ വീട്ടിൽ അതിക്രമിച്ച് കയറി
31/07/2025  02:35 PM IST
nila
വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയ ലേഡി ഡോക്ടർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം; ചിലർ വീട്ടിൽ അതിക്രമിച്ച് കയറി

വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയ കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടർക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം. ചിലർ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ആരോപണം ഉയരുന്നുണ്ട്. പരാതിക്കാരിയുടെ അഭിഭാഷകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അഭിഭാഷക പറഞ്ഞു. സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. 

പരാതിക്കാരിയായ യുവതിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നൽകിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് യുവതി പരാതി നൽകിയതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുന്നു.  

യുവ ഡോക്ടറുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി തന്നെ പലയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നും വേടൻ പിന്മാറിയെന്നുമാണ് യുവ ഡോക്ടർ മൊഴി നൽകിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ്, സ്വാർത്ഥയാണ് എന്നുൾപ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കൽ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img