11:04am 29 April 2026
NEWS
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം
12/05/2025  07:30 AM IST
nila
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി തന്റെ സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു.  ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന ഉദ്യോ​ഗസ്ഥനാണ് വിക്രം മിസ്രി.  വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ ആക്ഷേപങ്ങളാണ് മിസ്രിക്കെതിരെ ഒരു വിഭാ​ഗം ഉയർത്തുന്നത്. 

ഇന്ത്യ - പാക് സംഘർഷം തുടങ്ങിയതിന് പിന്നാലെ സൈനിക നടപടികൾ സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നത് വിക്രം മിസ്രിയുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണ സംബന്ധിച്ചും ഇദ്ദേഹമാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ തീരുമാനങ്ങൾ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം മിസ്രിയെ വിമർശിക്കുന്നത്. 

വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷം പാകിസ്ഥാൻ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്കു പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയിൽ റോഹിൻഗ്യകൾക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.

1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്‍റാൾ, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണു മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img