
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്കു പിന്നാലെ കോൺഗ്രസിനുള്ളിൽ സൈബർ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനമുന്നയിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനുമെതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടക്കുന്നത്. സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്ന സംശയമാണ് കെ.സി. വേണുഗോപാൽ പക്ഷത്തെ നേതാക്കൾക്കുള്ളത്.
മുഖ്യമന്ത്രിക്കെതിരെ നേരത്തെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനും അദ്ദേഹത്തെ പിന്തുണച്ച ജെബി മേത്തറിനും സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിൽ കെ.സി. വേണുഗോപാലിനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നിരുന്നു.
നിലവിലെ സൈബർ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നുമാണ് കെ.സി. പക്ഷത്തെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ പരാതി നൽകുന്നതിൽ മാത്രം ഒതുങ്ങാതെ ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉയർത്താനാണ് ഇവരുടെ നീക്കം. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ പുറത്തേക്ക് ചോർത്തുന്നത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ഈ വിഭാഗം സംശയിക്കുന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരെന്ന നിലയിൽ ഒരു വിഭാഗം നേതാക്കളെ ചിത്രീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കെ.സി. പക്ഷത്തെ നേതാക്കൾ കരുതുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതോടെ പാർട്ടിക്കുള്ളിലെ ചേരിപ്പോരും കൂടുതൽ പ്രകടമാകുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തർക്കങ്ങൾക്ക് തുടക്കമായത്. മന്ത്രിമാരുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെ ചിലർ ചോദ്യം ചെയ്തു. ഇനിമുതൽ ചർച്ചകളും കൂടിയാലോചനകളും കൂടാതെ തീരുമാനങ്ങൾ എടുക്കരുതെന്നായിരുന്നു കെ.സി. പക്ഷത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച സണ്ണി ജോസഫ്, സർക്കാർ തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാർ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്താതെ ആഭ്യന്തര തർക്കങ്ങൾ ഉയർത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.
മന്ത്രിസഭാ യോഗത്തിലെ അഭിപ്രായവ്യത്യാസം സമൂഹമാധ്യമങ്ങളിലെ പോരിലേക്ക് കൂടി വ്യാപിച്ചതോടെ കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.










