08:55am 09 November 2026
NEWS
​CARE DOHA സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും സംഘടിപ്പിച്ചു
28/07/2026  05:04 PM IST
nila
 ​CARE DOHA സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും സംഘടിപ്പിച്ചു

ദോഹ: കരിയർ അസിസ്റ്റൻസ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (CARE) "First Impression Matters – Secrets to Interview Success and CV" എന്ന വിഷയത്തെ ആസ്പദമാക്കി സി.വി ക്ലിനിക്കും ഇന്റർവ്യൂ മാസ്റ്റർക്ലാസും സംഘടിപ്പിച്ചു.

പരിപാടി യൂത്ത് ഫോറം വൈസ് പ്രസിഡന്റ് റഷാദ് മുബാറക് ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ മികച്ച രീതിയിൽ തയ്യാറാവേണ്ട ആവശ്യകതയും  പ്രൊഫഷണൽ നിലവാരമുള്ള സി.വി, ആത്മവിശ്വാസത്തോടെയുള്ള ഇന്റർവ്യൂ പ്രകടനം എന്നിവ ഓരോ ഉദ്യോഗാർഥിയുടെയും വിജയത്തിന് നിർണായകമാണെന്നും  അദ്ദേഹം സൂചിപ്പിച്ചു. യുവജനങ്ങൾ തൊഴിൽ നൈപുണ്യങ്ങൾ തുടർച്ചയായി വികസിപ്പിക്കുകയും ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് നടന്ന ഇന്റർവ്യൂ മാസ്റ്റർക്ലാസിൽ ശബീർ ഹമീദ് ഇന്റർവ്യൂവിന്റെ വിവിധ ഘട്ടങ്ങളിൽ വിജയകരമായി മുന്നേറുന്നതിനുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ പങ്കുവെച്ചു.  അഭിമുഖങ്ങളിൽ സാധാരണ നേരിടുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ മോക്ക് ഇന്റർവ്യൂകളിലൂടെ അനുഭവം പകർന്നു നൽകി. ആശയവിനിമയ നൈപുണ്യം, ആത്മവിശ്വാസം, വ്യക്തിത്വ അവതരണം, തൊഴിലുടമകളുടെ പ്രതീക്ഷകൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഷംസീർ അബൂബക്കർ പ്രൊഫഷണൽ സി.വി തയ്യാറാക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശങ്ങളും, സി.വി രൂപകൽപ്പന ചെയ്യുന്നതിനുള്ള ആധുനിക രീതികളും വിശദീകരിച്ചു. സംശയനിവാരണ സെഷനും പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.

തൊഴിൽ അന്വേഷിക്കുന്നവർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിതമായ തൊഴിൽ വിപണിയിൽ ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനും സഹായകമായ പ്രായോഗിക അറിവുകളും പരിശീലനവും ലഭിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ തൊഴിൽ, വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സംരംഭമാണ് CARE (Career Assistance, Research and Education). കരിയർ മാർഗനിർദേശം, തൊഴിൽ പരിശീലനം, സി.വി ക്ലിനിക്കുകൾ, ഇന്റർവ്യൂ പരിശീലനങ്ങൾ, ഗവേഷണ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് CARE പ്രവർത്തിക്കുന്നത്.

റഖീബ് മേലാറ്റൂർ തമീം അമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നവർക്കും കരിയർ വളർച്ച ലക്ഷ്യമിടുന്നവർക്കും പ്രായോഗിക അറിവും ആത്മവിശ്വാസവും പകർന്ന ശ്രദ്ധേയമായ സംരംഭമായാണ് പരിപാടി വിലയിരുത്തപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img