
കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത് വിറ്റ കേസിൽ സിനിമാതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരടക്കമുള്ളവർ കുടുങ്ങി. നികുതിയടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി കസ്റ്റംസ് നടത്തിയ മിന്നൽ പരിശോധനയിലാണ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടായത്. ഓപ്പറേഷൻ 'നുംഖോർ' എന്ന പേരിലായിരുന്നു പരിശോധന.
ഇടനിലക്കാരിൽ നിന്നും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങൾക്ക് വിനയായത്. ദുൽഖർ സൽമാന്റെ രണ്ട് ആഡംബര കാറുകളും അമിത് ചക്കാലയ്ക്കലിന്റെ എട്ട് വാഹനങ്ങളും ഉൾപ്പെടെ 36 കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഡിഫൻഡർ കാറിന്റെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 35 ഇടങ്ങളിലായിരുന്നു പരിശോധന. കോയമ്പത്തൂരിലെ വാഹനക്കടത്ത് സംഘം മുഖേന 150-200 വാഹനങ്ങൾ അനധികൃതമായി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ എത്തിച്ചതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
കള്ളപ്പണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തിയതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണർ ഡോ. ടി. ടിജു അറിയിച്ചു. സംഭവത്തിൽ താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.











