
കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കോഴിക്കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് എടക്കണ്ടിപൊയിൽ സ്വദേശി ജംഷീദ് (36) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജംഷീദ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
പരിശോധനയിൽ, പ്രത്യേകമായി തയാറാക്കിയ അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തി. കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 24 കാരറ്റിന്റെ 1,246.23 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
ഇതിന് പുറമെ, 100.21 ഗ്രാം തൂക്കമുള്ള രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളുടെ കൈവശം നിന്ന് പിടിച്ചെടുത്തു. ആകെ പിടിച്ചെടുത്ത സ്വർണത്തിന്റെ വിപണിവില 1,97,22,653 രൂപയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കസ്റ്റംസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി ജംഷീദിനെ അറസ്റ്റ് ചെയ്തു. സ്വർണം എവിടെ നിന്നാണ് ലഭിച്ചതെന്നും ഇയാൾ ഏതെങ്കിലും അന്തർസംസ്ഥാന അല്ലെങ്കിൽ അന്തർദേശീയ സ്വർണക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.











