
കൊച്ചി : കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികളും, കുസാറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററായ CITTIC ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാർത്ഥി സംഘടിത ഹാക്കത്തോണായ മേക്ക്-എ-ടൺ 8.0 എട്ടാം പതിപ്പ് ഫെബ്രുവരി 21ന് സെമിനാർ കോംപ്ലക്സിൽവച്ച് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1900-ത്തി ലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് തിരഞ്ഞെടുത്ത 100 വിദ്യാർത്ഥികൾക്കാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സോഫ്റ്റ്വെയർ, ഹാർഡ്വെയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ യഥാർത്ഥ ലോക പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി മത്സരിക്കും. വിദ്യാർത്ഥികളുടെ സാങ്കേതിക മികവും സൃഷ്ടിപരമായ കഴിവുകളും വളർത്തുകയാണ് ഹാക്കത്തോണിന്റെ പ്രധാന ലക്ഷ്യം.
Kireap, Desh Keyboard, FixMyStore, Buffersec എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ₹90,000-ത്തി ലധികം രൂപയുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ, വിവിധ വ്യവസായ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും, ആധുനിക സാങ്കേതിക ലോകത്തിലെ വെല്ലുവിളികളെക്കുറിച്ച് കൂടുതൽ അറിവ് നേടാനും മേക്ക്-എ-ടൺ ഉത്തമ വേദിയാകും.
സർവകലാശാലയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന CITTICയുടെ പിന്തുണയോടെ നടക്കുന്ന മേക്ക്-എ-ടൺ, വിദ്യാർത്ഥി നേതൃത്വത്തിലുള്ള നവീകരണങ്ങൾക്ക് ശക്തമായ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
Photo Courtesy - Google








