
കൊച്ചി: മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കോളാബോറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രധാന അന്തർ ദേശീയ ഗവേഷണ പദ്ധതി കരസ്ഥമാക്കി. ₹1.19 കോടി ബജറ്റിൽ നടപ്പാക്കുന്ന ഈ സംയുക്ത ഇന്ത്യ–കൊറിയ പദ്ധതി, സമുദ്ര ജീവികളിൽ നിന്നുള്ള ആന്റി മൈക്രോബിയൽ പെപ്റ്റൈഡുകളെയും അത്യാധുനിക ഫോട്ടോകാറ്റലിറ്റിക് നാനോ മെറ്റീരിയലുകളെയും സംയോജിപ്പിച്ച് ജലശുദ്ധീകരണത്തിനും ജലകൃഷിയിലെ രോഗ നിയന്ത്രണത്തിനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. മറൈൻബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സ്വപ്ന പി. ആന്റണി പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും ഇന്ത്യൻ ഗവേഷക സംഘത്തിന്റെ കോർഡിനേറ്ററും അതേ വകുപ്പിലെ പ്രൊഫസർ ഡോ. ടി.പി സജീവ് ഇന്ത്യൻ കോ-ഇൻവെസ്റ്റിഗേറ്ററായും പ്രവർത്തിക്കും.
വിദേശ ഗവേഷക സംഘത്തെനയിക്കുന്നത് ദെഗുവിലെ ക്യൂങ് പുക്ക് നാഷണൽ യൂണിവേഴ്‌സിറ്റി (KNU) സ്കൂൾ ഓഫ് എനർജി എൻജിനീയറിങ് പ്രൊഫസറും ഇൻഡസ്ട്രിയൽ ടെക്നോളജി റിസർച്ച് സെന്റർ ഡയറക്ടറുമായ പ്രൊഫ. ഹ്യുന്‍വൂങ്പാർക്ക് ആണ്. 2017 മുതൽ സ്റ്റാൻഫോർഡ് സർവകലാശാലയുടെ World’s Top 2% Scientists പട്ടികയിൽ എട്ട് തവണ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. സിയോൾലിലെ യോൻസെ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായ പ്രൊഫ. ഹ്യംഗ്–ഇൽകിം വിദേശ കോ-ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിക്കും. 2024 മുതൽ സ്റ്റാൻഫോർഡ് സർവകലാശാലയുടെ അതേ പട്ടികയിൽ രണ്ട് തവണ അദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ട്.
പദ്ധതിവിജയകരമായി നടപ്പിലാകുന്നതോടെ ജലഗുണനിലവാരം ഉയർത്തൽ, ജലകൃഷിയിലെ രോഗബാധ കുറയ്ക്കൽ, ആന്റിബയോട്ടിക് ഉപയോഗം ഗണ്യമായി കുറയ്ക്കൽ എന്നിവയിൽ പ്രധാന മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഉയർന്നനിലവാരത്തിലുള്ള വസ്തുശാസ്ത്രവും സമുദ്രജൈവ സാങ്കേതികവിദ്യയും ഏകോപിപ്പിക്കുന്ന ഈ ഇന്ത്യ–കൊറിയ SPARC സംയുക്തശ്രമം, പരിസ്ഥിതി സംരക്ഷണത്തിലും ജലകൃഷി ആരോഗ്യ നിർവ്വഹണത്തിലും പുതിയ വഴികൾ തുറക്കുന്ന ഒരു നിർണായക ഗവേഷണ ഇടപെടലാണ്.
ഭാരതീയ സർവകലാശാലകളും പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളും തമ്മിലുള്ള ഉയർന്ന നിലവാരത്തിലുള്ള ശാസ്ത്രീയ സഹകരണം വിപുലപ്പെടുത്തുകയും ഗവേഷണ പുരോഗതിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് SPARC പദ്ധതി ലക്ഷ്യമിടുന്നത്. സംയുക്ത ഗവേഷണവും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ നവീനതാശേഷിയും ഗവേഷണ ഉൽപാദനശേഷിയും അന്താരാഷ്ട്ര അക്കാദമിക് പ്രതിഷ്ഠയും ഉയർത്തുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്കുവഹിക്കുന്നു.







