
കൊച്ചിയിലെ പല ഹോസ്റ്റലുകളും ലഹരിയുടെ കേന്ദ്രങ്ങളെന്ന് പൊലീസ്. കൊച്ചി നഗരത്തിലെ ഹോസ്റ്റലുകളും പിജികളും കേന്ദ്രികരിച്ച് പൊലീസ് നടത്തിയ മിന്നൽപരിശോധനയിലാണ് മദ്യവും കഞ്ചാവും ഉൾപ്പെടെ കണ്ടെത്തിയത്. കുസാറ്റ് പരിസരത്തെ തമീം ഹോസ്റ്റൽ സ്ഥിരം ലഹരികേന്ദ്രമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവിടെനിന്നും രണ്ടുഗ്രാം കഞ്ചാവുമായി കൊല്ലം സ്വദേശിയായ മുഹമ്മദ് സൈദലിയെ പൊലീസ് പിടികൂടി.
ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് പിടിയിലായ മുഹമ്മദ് സൈദലി. കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രി തന്നെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തമീം ഹോസ്റ്റലിൽ നിന്നും കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളടക്കം പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു. ഹോസ്റ്റലിലെ മുറിയിൽ പരിശോധനയ്ക്കെത്തിയ പൊലീസ് കണ്ടത് നിറയെ മദ്യക്കുപ്പികളായിരുന്നു. വൻതോതിൽ ബിയർ ബോട്ടിലുകളും മദ്യക്കുപ്പികളുമാണ് കണ്ടെടുത്തത്. ഇതിനുപുറമെ ലഹരിവസ്തുക്കളുടെ പാക്കറ്റുകളും സിഗരറ്റ് പാക്കറ്റുകളും വൻതോതിൽ കണ്ടെത്തി.











