10:19pm 07 November 2026
NEWS
കൊച്ചിയിലെ റോഡുകളുടെ പരിപാലനത്തിനും ഗതാഗതം സുഗമാമാക്കാനുള്ള നിർദേശങ്ങളുമായി കുസാറ്റ് വിദ്യാർഥികളുടെ പഠനം.
02/09/2026  03:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിലെ റോഡുകളുടെ പരിപാലനത്തിനും ഗതാഗതം സുഗമാമാക്കാനുള്ള നിർദേശങ്ങളുമായി കുസാറ്റ് വിദ്യാർഥികളുടെ പഠനം

 

കൊച്ചി: റോഡുകളുടെ പരിപാലനത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾളും എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിന് ശാസ്ത്രീയ പഠന റിപ്പോർട്ടാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് സിവിൽ വിദ്യാർഥികൾ തയ്യാറാക്കിയത്. റോഡ് പരിപാലനത്തിലെ നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനൊപ്പം, മുൻകരുതൽ അധിഷ്ഠിതവുമാക്കേണ്ടതുണ്ടെന്നമാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ നാലാം വർഷ വിദ്യാർഥികളായ മുഹമ്മദ് സാദിർ കെ. എ., രാഹുൽ ദേവ്, റിജ്വിത് സുബ്രഹ്മണ്യൻ, സൗഗന്ധ് ടി. പി., ശ്രീകണ്ഠൻ കെ. ജെ., മീനാക്ഷി രാജീവ്, ധനിഷ് എ. എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് അധ്യാപിക ആയ ഡോ. സൂര്യ ആൻ കോശി യുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.

വൈറ്റില, മെഡിക്കൽ ട്രസ്റ്റ്, ഹൈക്കോടതി-മറൈൻ ഡ്രൈവ് എന്നീ മൂന്ന് പ്രധാന ജംഗ്ഷനുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. റോഡ് ഉപരിതല പരിപാലന രീതി, റോഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനുള്ള സൂചകങ്ങൾ, പരിപാലനത്തിന് മുൻഗണന നിശ്ചയിക്കുന്ന രീതികൾ എന്നിവ വിലയിരുത്തുന്നതിനൊപ്പം പൊതുജനാഭിപ്രായവും ശേഖരിച്ചു.

ഡിജിറ്റൽ റോഡ് വിവരശേഖരണ സംവിധാനവും 24 മണിക്കൂറിനുള്ളിൽ കുഴിയടയ്ക്കലും

സംസ്ഥാനത്തെ റോഡ് ശൃംഖലയെ വ്യക്തമായി നിർവചിച്ച പരിപാലന മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയും എൻജിനീയറിങ് സംഘത്തെയും കരാറുകാരനെയും നിയോഗിക്കണമെന്നാണ് ഒരു നിർദേശം.

റോഡുകൾ, നടപ്പാതകൾ, മീഡിയനുകൾ, ഗതാഗത വിളക്കുകൾ, റോഡ് അടയാളങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓടകൾ തുടങ്ങിയവ ഉൾപ്പെടുത്തി കേന്ദ്രീകൃതമായ ഡിജിറ്റൽ റോഡ് വിവരശേഖരണ സംവിധാനം രൂപീകരിക്കണമെന്നും നിർദേശിക്കുന്നു. ഓരോ 20 മീറ്ററിലും റോഡിന്റെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനവും പഠനം നിർദേശിക്കുന്നു.

കേടുപാടുകൾ കണ്ടെത്തിയാൽ ഡിജിറ്റൽ സംവിധാനം വഴി അറ്റകുറ്റപ്പണി ചുമതലകൾ സ്വമേധയാ സൃഷ്ടിക്കുകയും കേടുപാടിന്റെ സ്ഥാനം, തരം, പരിഹാരരീതി, സമയപരിധി, ചുമതലപ്പെട്ട സംഘം അല്ലെങ്കിൽ കരാറുകാരൻ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുകയും വേണം.

അപകടകരമായ കുഴികൾ 24 മണിക്കൂറിനുള്ളിൽ അടയ്ക്കണം എന്നതാണ് മറ്റൊരു നിർദേശം. ഗതാഗത വിളക്കുകളുടെ തകരാറുകൾ പ്രവൃത്തി സമയത്ത് ഒരു മണിക്കൂറിനുള്ളിലും മറ്റ് സമയങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിലും പരിഹരിക്കാൻ ലക്ഷ്യമിടണമെന്നും പഠനം നിർദേശിക്കുന്നു. അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തിൽ വിഷയം സ്വമേധയാ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനവും വേണം.

പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാറുകാർക്ക് പണം

റോഡിന്റെ ഗുണനിലവാരം, അറ്റകുറ്റപ്പണിയുടെ വേഗത, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുമായി കരാറുകാരുടെ പ്രതിഫലം ബന്ധിപ്പിക്കുന്ന പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലുള്ള കരാർ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും പഠനം നിർദേശിക്കുന്നു. മോശം പ്രവർത്തനത്തിന് പിഴയോ കരാർ റദ്ദാക്കലോ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്നും റിപ്പോർട്ട് പറയുന്നു.

റോഡ് തകരാറിലായ ശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം വിള്ളലുകൾ അടയ്ക്കൽ, കുഴിയടയ്ക്കൽ, ഉപരിതലം പുതുക്കൽ, ഗതാഗത വിളക്കുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ മുൻകരുതൽ നടപടികൾ കൃത്യമായ ഇടവേളകളിൽ നടത്തണമെന്നും പഠനം ശുപാർശ ചെയ്യുന്നു.

പൊതുജനങ്ങൾക്ക് റോഡ് പരിപാലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുകയും തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണമെന്നും പഠനം നിർദേശിക്കുന്നു. റോഡ് നിർമാണമോ അറ്റകുറ്റപ്പണിയോ നടക്കുമ്പോൾ സ്ഥലം, പ്രവൃത്തിയുടെ ദൈർഘ്യം, ഗതാഗത വഴിതിരിച്ചുവിടൽ, സുരക്ഷാ മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ചെറുസന്ദേശങ്ങളിലൂടെയും ഡിജിറ്റൽ അറിയിപ്പുകളിലൂടെയും വിവരങ്ങൾ നൽകുന്ന പൊതുജന മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

വൈറ്റിലയിൽ ഓടകൾക്കും പാർക്കിങ്ങിനും അടിയന്തര പരിഗണന

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വൈറ്റിലയിൽ വിവിധ റോഡുകൾ കൊച്ചി കോർപ്പറേഷൻ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, തുടങ്ങിയ വിവിധ ഏജൻസികളുടെ കീഴിലാണ്. പൊതുജനാഭിപ്രായ സർവേയിൽ ഓടകൾ, പൊതുജന സൗകര്യങ്ങൾ, പാർക്കിങ്, ഗതാഗത വിളക്കുകൾ, റോഡ് ഉപരിതലം, നടപ്പാത തുടങ്ങിയ സൗകര്യങ്ങളിൽ അടിയന്തര മെച്ചപ്പെടുത്തൽ ആവശ്യമാണെന്ന് കണ്ടെത്തി.
വൈറ്റില ജംഗ്ഷനിൽ നടത്തിയ സർവേയിൽ 72 പേർ പങ്കെടുത്തു.

വെള്ളം റോഡിലേക്ക് ഇറങ്ങുന്നതും തുടർച്ചയായ വാഹന ഗതാഗതവും മൂലം റോഡ് ഉപരിതലം ദുർബലമാകുകയും കുഴികൾ രൂപപ്പെടുകയും ചെയ്യുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഇത് യാത്രാസൗകര്യത്തെ ബാധിക്കുന്നതിനൊപ്പം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

മെഡിക്കൽ ട്രസ്റ്റിൽ നടപ്പാതയിലും ഓടകളിലു തടസങ്ങൾ

മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനിൽ തകർന്ന സ്ലാബുകളും തടസ്സങ്ങളുള്ള നടപ്പാതകളും കാൽനടയാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്നതായി പഠനം കണ്ടെത്തി. മോശം ഓട സംവിധാനം മൂലം വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ ആയുസ്സ് കുറയ്ക്കുകയും ഉപരിതല തകർച്ച രൂക്ഷമാക്കുകയും ചെയ്യുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

ഹൈക്കോടതി- മറൈൻ ഡ്രൈവ് മികച്ച മാതൃക

ഹൈക്കോടതി ജംഗ്ഷൻ മേഖലയിലെ റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായതിനാൽ ഒരൊറ്റ ഏജൻസിയുടെ പരിപാലന സംവിധാനം കാര്യക്ഷമാണെന്ന് വിലയിരുത്താൻ സാധിച്ചതായി പഠനം പറയുന്നു. കൊച്ചി മറൈൻ ഡ്രൈവിലെ റോഡ് നഗരത്തിലെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന റോഡുകളിലൊന്നാണെന്നും പഠനം വിലയിരുത്തുന്നു. സുഗമമായ പരസ്പരം ബന്ധിപ്പിച്ച കല്ലുപാകിയ നടപ്പാതകൾ, കാൽനടയാത്രയ്ക്കുള്ള സൗകര്യം, പ്രത്യേക സൈക്കിൾ പാത എന്നിവ മറൈൻ ഡ്രൈവിനെ മികച്ച മാതൃകയാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സംവിധാനം പ്രതികരണാധിഷ്ഠിതം

ദേശീയപാത അതോറിറ്റിയും കേരള പൊതുമരാമത്ത് വകുപ്പും പ്രാധാന്യവും അനുസരിച്ച് പരിപാലന സംവിധാനങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും, കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് സംവിധാനത്തിൽ തകരാർ സംഭവിച്ചതിന് ശേഷമുള്ള അറ്റകുറ്റപ്പണികൾക്കാണ് കൂടുതൽ പ്രാധാന്യമെന്ന് പഠനത്തിലെ താരതമ്യ പട്ടിക വ്യക്തമാക്കുന്നു.
കേരളത്തിൽ 2022 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനഫലവും കാര്യക്ഷമതയും അടിസ്ഥാനമാക്കിയുള്ള റോഡ് കരാർ സംവിധാനം പ്രതികരണാധിഷ്ഠിത പരിപാലനത്തിൽ നിന്ന് മുൻകരുതൽ പരിപാലനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണെന്നും പഠനം രേഖപ്പെടുത്തുന്നു.

മുൻകരുതൽ പരിപാലനം, അടിയന്തര പ്രതികരണം, റോഡിന്റെ അവസ്ഥയും പ്രവർത്തനമികവും അടിസ്ഥാനമാക്കിയുള്ള പരിപാലനം, ഡിജിറ്റൽ നിരീക്ഷണം എന്നിവ സംയോജിപ്പിച്ചുള്ള ഒരു സമഗ്ര സംവിധാനം കേരളത്തിൽ നടപ്പാക്കുന്നത് റോഡ് സുരക്ഷയും വിശ്വാസ്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം വിലയിരുത്തുന്നു. പഠന റിപ്പോർട്ട് ഉടൻ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും

കൂടുതൽ വിവരങ്ങൾക് ഡോ. സൂര്യ ആൻ
കോശി, 9744847281 ബന്ധപെടുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img