
കൊച്ചി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുമ്പന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻസിസിആർ) സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ശുചീകരണ യജ്ഞത്തിൽ എച്ച് സി എൽ ടെക്ക്, കുസാറ്റ് സർവകലാശാല എൻ എസ് എസ് യൂണിറ്റ്, തേവര സേക്രഡ് ഹാർട്ട് കോളേജ് എൻ എസ് എസ് യൂണിറ്റ്, സെന്റ് ആൽബർട്ട് കോളേജ്, മാലിയങ്കര എസ് എൻ എം കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. ഒരു ടണ്ണിലേറെ വരുന്ന മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിച്ച ശേഷം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പ്ലാനറ്റ് എർത്ത് എന്ന സംഘടനക്ക് കൈമാറി. രാവിലെ ഏഴുമുതൽ പത്തുവരെ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനം വാർഡ് കൗൺസിലർ അധ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്ടർ ഡോ. കെ സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഡോ. എസ് വേണു, ഡോ. പ്രിയജ, ഡോ. മുഹമ്മദ് നൂഹ് നസീർ, റിട്ട. പ്രൊഫസർ ഡോ മുഹമ്മദ് ഹത്ത എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Photo Courtesy - Google








