
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നോർവേയിലെ നോർവീജിയൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി (NTNU) 10 വർഷത്തേക്ക് ധാരണാപത്രം ഒപ്പുവെച്ചു. രണ്ട് സ്ഥാപനങ്ങൾക്കുമിടയിലെ അക്കാദമിക്, ഗവേഷണ സഹകരണം ഫലപ്രദമാകാനാണ് ഈ ഉടമ്പടി. ധാരണാപത്രത്തിന്റെ ഭാഗമായി, ഇരു സ്ഥാപനങ്ങളുടെ അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പരസ്പരം ക്യാമ്പസുകൾ സന്ദർശിച്ച് പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കും. സ്റ്റുഡന്റ് എക്സ്ചേഞ്ചിനും ഈ ഉടമ്പടിയിൽ വഴി തുറക്കുന്നു, രണ്ട് സ്ഥാപനങ്ങളുടെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി സംയുക്ത അക്കാദമിക്, ഗവേഷണ പദ്ധതികൾ വികസിപ്പിക്കുന്നതിനും ധാരണയായി. 2021 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ കുസാറ്റിൽ നിന്നുള്ള മൂന്ന് ബാച്ച് വിദ്യാർത്ഥികൾ നോർവീജിയൻ സർവകലാശാല സന്ദർശിക്കുകയും സംയുക്ത ഗവേഷണങ്ങൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
ഈ പുതിയ ധാരണാപത്രം പ്രകാരം കുസാറ്റിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി. വിദ്യാർത്ഥികൾക്കും പി.എച്ച്.ഡി. ഗവേഷകർക്കും അന്താരാഷ്ട്ര ഗവേഷണത്തിനും, അക്കാദമിക വളർച്ചയ്ക്കും, നോർവീജിയൻ സർവകലാശാലയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ഉള്ള അവസരം ലഭിക്കും.










