03:03am 21 November 2026
NEWS
ഇന്തോ ഫ്രഞ്ച് ഗവേഷണ സഹകരണത്തിന്റെ ഭാഗമായി പാരീസിൽ ഗവേഷണ സന്ദർശനം നടത്തി കുസാറ്റ് ശാസ്ത്രജ്ഞൻ
19/11/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്തോ ഫ്രഞ്ച് ഗവേഷണ സഹകരണത്തിന്റെ ഭാഗമായി പാരീസിൽ ഗവേഷണ സന്ദർശനം നടത്തി കുസാറ്റ് ശാസ്ത്രജ്ഞൻ
HIGHLIGHTS

Dr. Ajil Kottayil

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിലെ (ACARR) ശാസ്ത്രജ്ഞൻ ഡോ. അജിൽ കോട്ടയിൽ ഇന്തോ-ഫ്രഞ്ച് സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായി ഫ്രാൻസിലെ പാരീസിലുള്ള ലബോറട്ടോയർ ദെ മെറ്റിയോറോളജി ഡൈനാമിക് (LMD) സന്ദർശിച്ച് ഫ്രഞ്ച് ഗവേഷകരുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പദ്ധതിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് അദ്ദേഹം.അന്തരീക്ഷത്തിലെ സംവഹന പ്രക്രിയകളും ഗുരുത്വാകർഷണ തരംഗങ്ങളും ഉയർന്ന അന്തരീക്ഷതലങ്ങളിൽ രൂപപ്പെടുന്ന സിറസ് മേഘങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുകയാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിയുടെ കാലാവസ്ഥാ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഇത്തരം മേഘങ്ങളെക്കുറിച്ചുള്ള പഠനം കാലാവസ്ഥാ വ്യതിയാനങ്ങളും അന്തരീക്ഷ പ്രക്രിയകളും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.
ഉഷ്ണമേഖലാ ഉയർന്ന അന്തരീക്ഷത്തിൽ രൂപപ്പെടുന്ന 'ഡക്റ്റഡ്' ഗുരുത്വാകർഷണ തരംഗങ്ങളുടെ സാന്നിധ്യത്തിന് ഗവേഷണത്തിലൂടെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ Geophysical Research Letters (GRL)-ൽ പ്രസിദ്ധീകരിച്ചു.യൂറോപ്യൻ കാലാവസ്ഥാ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിനായുള്ള സംഘടനയായ EUMETSAT-ൽ വിസിറ്റിംഗ് സയന്റിസ്റ്റായും ഡോ. അജിൽ കോട്ടയിൽ പ്രവർത്തിക്കുന്നുണ്ട്. ദീർഘകാല കാലാവസ്ഥാ ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ച് ട്രോപ്പോസ്ഫിയറുമായി ബന്ധപ്പെട്ട ഡാറ്റാസെറ്റുകൾ വികസിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലും ഡോ.അജിൽ പങ്കാളിയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img