
1.Sithara Joshy
2.Gopika sivan
3.Divya P Sukumaran
4.Jismol Poulose
5.Ally C Antony
6.Dr. Mohammed Hatha
കൊച്ചി: സമുദ്രോത്പന്നങ്ങളിൽ കാണപ്പെടുന്ന ബാക്ടീരിയകൾക്കിടയിൽ ആന്റിമൈക്രോബിയൽ പ്രതിരോധശേഷി നൽകുന്ന ജീനുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) നൽകുന്ന 2025-ലെ മികച്ച ശാസ്ത്ര പ്രബന്ധത്തിനുള്ള പുരസ്കാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), കോട്ടയം മഹാത്മാഗാന്ധി സർവകലാശാല, മാരമ്പള്ളി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർക്ക് ലഭിച്ചു.
ഫിഷറി ടെക്നോളജി ജേണലിന്റെ 62-ാം വാല്യത്തിലെ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച “Conjugal Transfer of the blaCTX-M-1 Gene Between Escherichia coli and Salmonella enterica Serovar Enteritidis in Seafood” എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്. കുസാറ്റ് മറൈൻ ബയോളജി വകുപ്പിലെ മുഹമ്മദ് ഹാത്ത അബ്ദുള്ള, ദിവ്യ പി. സുകുമാരൻ, ഏഞ്ചൽ ബെനിറ്റ ക്രിസ്റ്റി, ജിസ്മോൾ പൗലോസ്, ഗോപിക ശിവൻ, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ സിത്താര ജോഷി, മാരമ്പള്ളി എം.ഇ.എസ്. കോളേജ് ബയോടെക്നോളജി വകുപ്പിലെ ആലി സി. ആന്റണി എന്നിവരാണ് പ്രബന്ധത്തിന്റെ രചയിതാക്കൾ.
സമുദ്രോത്പന്നങ്ങളിൽ കാണപ്പെടുന്ന കക്ക, ചെമ്മീൻ തുടങ്ങിയവയിലെ ബാക്ടീരിയകൾക്കിടയിൽ ആന്റിബയോട്ടിക് പ്രതിരോധശേഷി നൽകുന്ന ജീനുകൾ കൈമാറ്റം ചെയ്യപ്പെടുന്ന രീതിയും ഈ പ്രക്രിയയിൽ താപനിലയ്ക്കുള്ള സ്വാധീനവുമാണ് പഠനവിധേയമാക്കിയത്.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി സമുദ്രോത്പന്നങ്ങളിലെ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പഠനഫലങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള പരസ്പരബന്ധം അംഗീകരിക്കുന്ന വൺ ഹെൽത്ത് സമീപനത്തിനും ഈ ഗവേഷണം പിന്തുണ നൽകുന്നു.
Photo Courtesy - Google








