
1 . Dr. Deepa G Nair
2 . Dr. M.G Sreekumar
കൊച്ചി: സുസ്ഥിര നിർമ്മാണ രീതികളെ മുൻനിർത്തി വികസിപ്പിച്ച “പോസ്റ്റ്-ക്യൂറിംഗ് ആൽക്കലി ആക്റ്റിവേറ്റഡ് ഫൈബർ റീഇൻഫോഴ്സ്ഡ് ലാറ്ററൈറ്റിക് സോയിൽ ബിൽഡിംഗ് ബ്ലോക്കുകൾ” എന്ന പുതിയ നിർമ്മാണ സാങ്കേതികവിദ്യയ്ക്ക് കുസാറ്റ് ഗവേഷകർ പേറ്റന്റ് നേടിയിരിക്കുന്നു.
സുലഭമായി ലഭ്യമായ ലാറ്ററൈറ്റിക് മണ്ണും ഫൈബർ മാലിന്യ വസ്തുക്കളും ഉപയോഗിച്ച് കൂടുതൽ ശക്തിയേറിയതും കൂടുതൽ ഈടു നിൽക്കുന്നതുമായ പരിസ്ഥിതി സൗഹൃദ നിർമ്മാണ ബ്ലോക്കുകൾ നിർമ്മിക്കാനാകുന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. പരമ്പരാഗത രീതികളിൽ ബ്ലോക്ക് നിർമ്മാണ സമയത്ത് തന്നെ സാന്ദ്ര ആൽക്കലി ദ്രാവകങ്ങൾ ചേർക്കുമ്പോൾ, പുതിയ രീതിയിൽ ബ്ലോക്കുകൾ ആദ്യം ക്യൂറിംഗ് നടത്തി ശേഷം നിയന്ത്രിത ആൽക്കലി ദ്രാവകത്തിൽ മുക്കി വീണ്ടും ക്യൂറിംഗ് നടത്തുന്നു.
പരിശോധനകളിൽ ഈ പ്രക്രിയ ബ്ലോക്കുകളുടെ കംപ്രഷൻ ശക്തി ഗണ്യമായി വർധിപ്പിക്കുന്നതും, വെള്ളം ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതും, എഫ്ലോറസൻസ് ഒഴിവാക്കുന്നതും കണ്ടെത്തി. കൂടാതെ നിർമ്മാണ ഘട്ടത്തിൽ തൊഴിലാളികൾക്ക് കാഠിന്യമുള്ള ആൽക്കലി നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാകുന്നതിനാൽ തൊഴിൽ സുരക്ഷയും മെച്ചപ്പെടുന്നു.
പ്രാദേശികമായി ധാരാളമായി ലഭ്യമായ ലാറ്ററൈറ്റിക് മണ്ണ് പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സാമഗ്രികൾ വികസിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫസർ ഡോ. ദീപ ജി നായർ, റിസർച്ച് സ്കോളറായിരുന്ന ഡോ. എം ജി ശ്രീകുമാർ എന്നിവരാണ് ഈ പേറ്റന്റിനു പിന്നിൽ. ഡോ. എം ജി ശ്രീകുമാർ കൊച്ചി ആകാശവാണിയിൽ അസിസ്റ്റന്റ് എൻജിനീയറായി പ്രവർത്തിച്ചുവരുന്നു.
Photo Courtesy - Google







