03:45am 13 November 2026
NEWS
ചകിരിച്ചോറിലെ വൈദ്യുത ചാലകത നിർണ്ണായക കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷകർ
26/02/2026  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചകിരിച്ചോറിലെ വൈദ്യുത ചാലകത നിർണ്ണായക കണ്ടുപിടുത്തവുമായി കുസാറ്റ് ഗവേഷകർ
HIGHLIGHTS

1 .Uma Lakshmi

2 .Dr. Abesh Reghuvaran

കൊച്ചി: ചെടിവളർത്തുവാനായി വിദേശങ്ങളിൽ വലിയ ഡിമാൻഡുള്ള ചകിരിച്ചോറിലെ വൈദ്യുത ചാലകത കുറക്കുവാനും, അതുവഴി അവയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുവാനും സാങ്കേതികവിദ്യയുമായി കുസാറ്റിലെ ഗവേഷകർ. പരിസ്ഥിതിവകുപ്പിലെ ഗവേഷകയായ ഉമാലക്ഷ്മി കെ.എസ്, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എന്നിവർ ചേർന്ന് അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള പരീക്ഷണമാണ് അവരെ ഈ നേട്ടത്തിലേക്ക് നയിച്ചിരിക്കുന്നത്. കണ്ടെത്തൽ അന്താരാഷ്ട്ര ജേർണലായ 'ബയോറിസോഴ്സ് ടെക്നോളജി റിപ്പോർട്ട്'ൽ പ്രസിദ്ധീകരിച്ചു.

കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചകിരിചോറിന്റെ അഭൂതമായ വളർച്ചയാണ്. കയർ വ്യവസായത്തിലെ ഉപയോഗശൂന്യമായ വസ്തുവായി കണക്കാക്കിയിരുന്ന ചകിരിച്ചോർ ഇന്ന് കയർ രംഗത്തെത്തന്നെ താങ്ങിനിർത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ ചില പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഇവയിലെ ഉപ്പുരസം മൂലം വിദേശരാജ്യങ്ങളിൽ ഡിമാൻഡ് കുറയുകയും, റിജെക്റ്റ് ചെയ്യപ്പെടുകയും ചെയ്യുകയാണ് . കയർ രംഗം പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിനാണ് കുസാറ്റ് ഗവേഷകർ പരിഹാരം കണ്ടിരിക്കുന്നത്.അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുകൊണ്ട് ചാക്കരിച്ചോറിലെ ഉപ്പുരസം കുറയ്ക്കാമെന്നും , അതുവഴി വൈദ്യുത ചാലകത 27.4% വരെ കുറയ്ക്കാമെന്നും അതുവഴി ചകിരിച്ചോർ കൂടുതൽ ഉപയോഗക്ഷമമാക്കുകയും, ഇനി വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

സാങ്കേതികമായി പറഞ്ഞാൽ ഏറെ കയറ്റുമതിക്ഷമതയുള്ള കയറുല്പന്നമാണ് ചകിരിച്ചോർ. എന്നാൽ അവയിൽ തന്നെയുള്ള ഹൈ ഈസി (EC) എന്ന് അർത്ഥമാക്കുന്നത് അതിലെ ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി അഥവാ വൈദ്യുത ചാലകതയാണ്. ഇത്തരത്തിൽ രണ്ടുതരത്തിൽ ഉള്ളതുകൊണ്ടുതന്നെ വൈദ്യുത ചാലകത കുറഞ്ഞ Low EC ചകിരിച്ചോറിനാണ് ഡിമാൻഡ്. High EC ചകിരിച്ചോർ ആവട്ടേ കയറ്റുമതിചെയ്യാനാവാതെ റിജെക്റ്റ് ചെയ്യപ്പെടാറാണ് പതിവ്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ High EC ചകിരിച്ചോർ വൈദ്യുത ചാലകത കുറഞ്ഞ Low EC ചകിരിച്ചോറാക്കി മാറ്റുവാൻ കഴിയും എന്നതാണ് പ്രധാനനേട്ടം. അതുവഴി ഇത്തരം രണ്ട് ഗ്രേഡ് നിലവാരത്തിന്റെ സാധ്യതപോലും ഇല്ലാതാകാൻ സാധിക്കും.

യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാത്തതിനാൽ പൂർണ്ണമായും പരിസ്ഥിതിസൗഹൃദമായ ഒരു സാങ്കേതികവിദ്യയായും ഇതിനെ വിശേഷിപ്പിക്കാം. കയർ വ്യവസായരംഗത്തു ഇപ്പോൾ ചകിരിചോറിന്റെ വൈദ്യുത ചാലകത കുറയ്ക്കാനായി സാധാരണ കുറഞ്ഞത് ആർ തവണ വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകുകയാണ് ചെയ്യുന്നത്. ഇതുമൂലം വലിയ അളവിൽ വെള്ളത്തെ ആവശ്യമായി വരുന്നു. എന്നാൽ പുതിയ സാഗേതികവിദ്യയിലൂടെ ഒരുതവണ മാത്രം വെള്ളം നൽകുകയും, ഒരുമണിക്കൂർ അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കുകയും ചെയ്‌താൽ മതിയാകും. കൂടാതെ ഇപ്പോൾ വൈദ്യുത ചാലകത കുറയ്ക്കാനായി ഉപയോഗിക്കുന്ന കാൽസിയം നൈട്രേറ്റ് ബഫറിങ് രീതിയുടെ പ്രശ്നങ്ങളും പുതിയ ടെക്നോളജി കൊണ്ട് മറികടക്കാനും കാൽസിയം നൈട്രേറ്റ് ബഫറിങ് രീതിയിൽ പി എച്ച് നിലയിൽ വലിയ മാറ്റം വരുമ്പോൾ പുതിയ അൾട്രാവയലറ്റ് ടെക്നോളജിയുടെ പി എച്ച് നിലയിൽ മാറ്റം വരാതെ നോക്കുകയും കഴിയുന്നു എന്നത് അധികനേട്ടമാണ്.

ഗവേഷണത്തിന്റെ അടുത്തപടിയായി ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കുവാനായി ഇതുമായി ബന്ധപ്പെട്ട ഉപകരണം കുസാറ്റിലെ മെക്കാനിക്കൽ വിഭാഗവുമായി ചേർന്നു ഡിസൈൻ ചെയ്തുകൊണ്ട് മാർകെറ്റിൽ ഇറക്കാനുള്ള ശ്രമങ്ങളിലാണ് ഇവർ.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img