03:06am 04 September 2026
NEWS
കൊച്ചി കായലിൽ രണ്ട് പുതിയ തോക്കു ചെമ്മീൻ ഇനങ്ങൾ കണ്ടെത്തി കുസാറ്റ് ഗവേഷക സംഘം
03/09/2026  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി കായലിൽ രണ്ട് പുതിയ തോക്കു ചെമ്മീൻ ഇനങ്ങൾ കണ്ടെത്തി കുസാറ്റ് ഗവേഷക സംഘം
HIGHLIGHTS

Alpheus hari and Alpheus vembanadi

കൊച്ചി: കൊച്ചി കായലിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ ശാസ്ത്രലോകത്തിന് പുതുതായി രണ്ട് തോക്കു ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി. "ആൽഫിയസ് വെമ്പനാടി" എന്നും "ആൽഫിയസ് ഹരി" എന്നും പേരിട്ട ഈ പുതിയ ഇനങ്ങളെ കൊച്ചി കായലിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നി വലകളിൽ നിന്നുമാണ് ശേഖരിച്ചത്. ശരീരഘടനയിലെ സവിശേഷതകൾ വിശദമായി പരിശോധിക്കുകയും മൈറ്റോകോൺഡ്രിയൽ 16 എസ്ആർആർഎൻഎ ജീൻ ഉപയോഗിച്ച് ജനിതക പഠനം നടത്തുകയും ചെയ്താണ് ഇവ പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്. "ആൽഫിയസ് വെമ്പനാടി" എന്ന പേര് വേമ്പനാട് കായലിന്റെ പേരിൽ നൽകിയതാണ്. കൊച്ചി കായലിൽ വർഷം മുഴുവൻ കാണപ്പെടുന്ന ഈ ഇനം 31 പിപിടി വരെ ലവണതയുള്ള ജലത്തിലും കാണപ്പെടുന്നു. "ആൽഫിയസ് ഹരി" എന്ന പേര് കൊച്ചി ശാസ്ത്ര സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സീനിയർ പ്രൊഫസർ ഡോ. എം. ഹരികൃഷ്ണന്റെ ബഹുമാനാർത്ഥമാണ് നൽകിയത്.

ഈ ഇനത്തിന്റെ പ്രത്യേകത വ്യത്യസ്ത ലവണതകളെ അതിജീവിക്കാനുള്ള കഴിവാണ്; വളരെ കുറഞ്ഞ ലവണതയുള്ള ജലത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണശാലയിൽ ശുദ്ധജലത്തിലും ഇവ ജീവിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് റിസർച്ച് സ്കോളർ കൈമകുളങ്ങര വിഷ്ണു, ജപ്പാനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയം ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ടോമോയുകി കൊമായി, മോളിക്യുലർ ടാക്സോളമി വിദഗ്ധൻ ഡോ.ദീപക് ജോസ്, എന്നിവരുൾപ്പെടെയുള്ള ഗവേഷകരാണ് പഠനങ്ങൾ നടത്തിയത്. കുസാറ്റിലെ ബിസിനസ് ഇൻകുബേഷന്റെ ഭാഗമായ മാരിജീനോം മത്സ്യ സേവന കേന്ദ്രത്തിലെ ഗവേഷകരായ ഡോ.സമീറഷം സുദ്ദീനും ഡോ.അക്ഷയ് ഉണ്ണികൃഷ്ണനും ഈ പഠനത്തിൻ്റെ ഭാഗമായി. കുസാറ്റിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക കൂടിയാണ് ഡോ. സമീറ ഷംസുദ്ദീൻ. വിഷ്ണു കെ.പി., ഡോ. ദീപക്ജോസ്, ഡോ. എം. ഹരികൃഷ്ണൻ എന്നിവരടങ്ങിയ ഗവേഷക സംഘം ഈ വർഷം ജനുവരിയിൽ കൊച്ചി കായലിൽ നിന്ന് മറ്റൊരു പുതിയ തോക്കു ചെമ്മീൻ ഇനത്തെയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ശാസ്ത്ര ജേർണൽ ആയ ക്രസ്റ്റേഷ്യാനയിലാണ് ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. തുടർച്ചയായി പുതിയ ഇനങ്ങളെ കണ്ടെത്തുന്നത് കൊച്ചി കായലിലെയും കേരളത്തിന്റെ തീരദേശ ആവാസ വ്യവസ്ഥകളിലെയും ജൈവ വൈവിധ്യം ഇനിയും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നതിന്റെ സൂചനയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി കായൽ ഉൾപ്പെടെയുള്ള കേരളത്തിന്റെ തീരദേശ ജലാശയങ്ങളിലെ ചെമ്മീൻ ജൈവവൈവിധ്യം, ജനിതകവൈവിധ്യം, അവയുടെ ആവാസ വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഇത്തരം പഠനങ്ങൾ കേരളത്തിന്റെ തീരദേശ ജൈവ വൈവിധ്യത്തെ കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സഹായകരമാകും.

കൂടുതൽ വിവരങ്ങൾക്ക് ഡോ. എം. ഹരികൃഷ്ണൻ, ഫോൺ: 9447327804 ബന്ധപെടുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img