
Dr. Punnadath Preetham
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിന് കീഴിലുള്ള മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസറും സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്മെന്റ് കോ-ഓർഡിനേറ്ററുമായ ഡോ. പുന്നാടത്ത് പ്രീതം ഇ.യ്ക്ക് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) – ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഗ്രൂപ്പ് (HRDG) രണ്ട് വർഷത്തേക്കുള്ള ₹39 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് അനുവദിച്ചു. സി.എസ്.ഐ.ആർ.–സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSMCRI), ഭാവ്നഗർ-ലെ ചീഫ് സയന്റിസ്റ്റ് ഡോ. കമലേഷ് പ്രസാദ് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
'എക്സ്പ്ലൊറേഷൻ ഓഫ് സീവീട്- ഡിറൈവ്ഡ് ബയോമോളിക്യൂൾസ് ഫോർ വൂണ്ട് ഹീലിംഗ് ആൻഡ് കോഗ്നിഷൻ മാനേജ്മെന്റ് അപ്ലികേഷൻസ്' (Exploration of Seaweed-Derived Biomolecules for Wound Healing and Cognition Management Applications) എന്ന തലക്കെട്ടിലുള്ള ഈ ഗവേഷണ പദ്ധതി ബയോമെഡിക്കൽ ഗവേഷണ മേഖലയിലാണ് കേന്ദ്രീകരിക്കുന്നത്. സമുദ്രത്തിലെ കടൽപ്പായലുകളിൽ നിന്ന് ലഭിക്കുന്ന ജൈവസജീവ സംയുക്തങ്ങളുടെ ചികിത്സാ സാധ്യതകൾ ഉപയോഗപ്പെടുത്തി മുറിവുണക്കലിനും ബൗദ്ധിക പ്രവർത്തനങ്ങളുടെ പരിപാലനത്തിനും പുതിയ ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഗവേഷണം ട്രാൻസ്ലേഷണൽ മെഡിസിൻ, ആരോഗ്യരംഗത്തെ നവീകരണം, സമുദ്ര ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.
ഈ പദ്ധതി കുസാറ്റിലെ ഗവേഷണ പരിസ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും അത്യാധുനിക ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ദേശീയതല ശാസ്ത്രീയ സഹകരണം വർധിപ്പിക്കുകയും ഗവേഷണ വിദ്യാർഥികൾക്കും യുവശാസ്ത്രജ്ഞർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ കുസാറ്റും സി.എസ്.ഐ.ആർ.–സി.എസ്.എം.സി.ആർ.ഐയും തമ്മിലുള്ള ഈ സഹകരണം സമുദ്ര ബയോമെറ്റീരിയലുകളുടെയും അവയുടെ ബയോമെഡിക്കൽ പ്രയോഗങ്ങളുടെയും വികസനത്തിന് വേഗം കൂട്ടുമെന്നാണ് വിലയിരുത്തൽ.
Photo Courtesy - Google










