12:09am 03 June 2026
NEWS
കുസാറ്റ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് എംജി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു
01/06/2026  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് പ്രൊഫസർ ഡോ. ഡി. മാവൂത്ത് എംജി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടറായ പ്രൊഫ. (ഡോ.) ഡി. മാവൂത്ത് എംജി സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ. മാവൂത്ത്, കുസാറ്റിൽ 33 വർഷം എം.ബി.എ. അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ്, ഇന്ത്യൻ എത്തോസ്, ബിസിനസ് എത്തിക്സ് എന്നീ മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം. നിലവിൽ കുസാറ്റിലെ സോഷ്യൽ സയൻസസ് ഫാക്കൽറ്റിയുടെ ഡീനായും കേരള സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റിയുടെ ഡീനായും പ്രവർത്തിക്കുന്നു. കുസാറ്റിന്റെയും കർണാടക സെൻട്രൽ സർവകലാശാലയുടെയും സിൻഡിക്കേറ്റ് അംഗമാണ്. പുതുച്ചേരി സർവകലാശാലയുടെയും കേരള സെൻട്രൽ സർവകലാശാലയുടെയും കോർട്ട് അംഗമായും സേവനമനുഷ്ഠിക്കുന്നു.

കുസാറ്റിലെ സേവനകാലത്ത് ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി തുടങ്ങി വിവിധ പ്രധാന ഭരണ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അധ്യാപനം, ഗവേഷണം, അക്കാദമിക് നേതൃത്വം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയിട്ടുള്ള ഡോ. മാവൂത്ത് നിരവധി ഗവേഷകർക്കും പോസ്റ്റ്-ഡോക്ടറൽ ഫെല്ലോകൾക്കും മാർഗനിർദേശം നൽകിയിട്ടുണ്ട്. ദേശീയ-അന്തർദേശീയ വേദികളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2019-ൽ ദേവാങ് മെഹ്ത എജ്യുക്കേഷണൽ ലീഡർഷിപ്പ് അവാർഡ് ലഭിച്ചിട്ടുണ്ട്.

മധുര കാമ്രാജ് സർവകലാശാലയിൽ നിന്ന് എം.ബി.എയും കുസാറ്റിൽ നിന്ന് പി.എച്ച്.ഡിയും നേടിയ ഡോ. മാവൂത്തു തമിഴ്നാട്ടിലെ തിരുനെൽവേലി സ്വദേശിയാണ്.

ഭാര്യ ശ്രീമതി വസന്തി, മകൾ നിർമല വൈഷാലിനി ഐ.ഐ.എം. റോഹ്തക്കിൽ നിന്ന് എം.ബി.എ നേടിയ ശേഷം കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. മകൻ ധനവേന്ദ് ട്രാവൽ, ലോജിസ്റ്റിക്സ് മേഖലയിൽ സംരംഭകനാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img