
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എംഎസ് സി ഫിസിക്സ് വകുപ്പ് പൂർവ്വവിദ്യാർത്ഥി ഗോപിക നിഷ ഗോപാലന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ ഡോ. ഗ്യുസെപ്പെ സാൻസോണിന്റെ കീഴിൽ “നോവൽ അറ്റോസെക്കന്റ് മെട്രോളജി ഫോർ ഫ്രീ ഇലക്ട്രോൺ ലേസേഴ്സ്” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക ക്യൂറി ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ചു. ഈ ഫെല്ലോഷിപ്പ് യൂറോപ്യന്‍ യൂണിയന്റെ ഹൊറൈസണ്‍ യൂറോപ്പ് റിസർച്ച് ആന്റ് ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായ ക്വാട്ടോ (QuAtto MSCA) നെറ്റ്വർക്കിന്റെ കീഴിലാണ്. 2024 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഗോപികയ്ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രതിമാസം 3954.76 യൂറോ വീതം സ്റ്റൈപ്പെൻഡ് ലഭിക്കും. മൊത്തം തുക ഏകദേശം 1.3 കോടി രൂപ (1,42,371.36 യൂറോ) വരും. ക്വാട്ടോ നെറ്റ്വര്‍ക്ക്, ക്വാണ്ടം ഓപ്റ്റിക്സ്, അറ്റോസെക്കന്റ് ഫിസിക്സ് എന്നിവയുടെ സമന്വയത്തിലൂടെ ഫ്രീ ഇലക്ട്രോൺ ലേസേഴ്സും ഹൈ ഹാർമോണിക് ജനറേഷൻ അടിസ്ഥാനമാക്കിയ ഉറവിടങ്ങളുമുപയോഗിച്ച് ഗവേഷണ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ കൈവരിക്കാൻ ലക്ഷ്യമിടുന്നു. മലപ്പുറം സ്വദേശിനിയായ ഗോപിക, ഗോപാലൻ പി.യുടെയും നിഷാ കെ. പി.യുടെയും മകളാണ്.











