
1.Dr. Suja P Devipriya
2.Dr. Riya K Alex
കൊച്ചി: വാഴപ്പിണ്ടി പോലുള്ള സമൃദ്ധമായ കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന ശുദ്ധതയുള്ള സെല്ലുലോസ് പരിസ്ഥിതി സൗഹൃദ രീതിയിൽ വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതിന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) ഇന്ത്യൻ പേറ്റന്റ് (IN 596101) ലഭിച്ചു. കുസാറ്റിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ (ഐ.യു.സി.ഐ.പി.ആർ.എസ്) ഐ.പി.ആർ ഫെസിലിറ്റേഷൻ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്.
കുസാറ്റ് സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. സുജ പി. ദേവിപ്രിയയും ഗവേഷകയായ ഡോ. റിയ കെ. അലക്സും ചേർന്ന് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ഈ പേറ്റന്റ്.
ഡീപ് യൂട്ടെക്ടിക് സോൾവന്റുകളും (Deep Eutectic Solvents) ഒപ്റ്റിമൈസ് ചെയ്ത പ്രോസസ്സിംഗ് രീതിയും ഉപയോഗിച്ച് പരമ്പരാഗതമായി ഉപയോഗിക്കുന്ന ശക്തമായ രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ട് ഉയർന്ന ശുദ്ധതയുള്ള സെല്ലുലോസ് ഉൽപ്പാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന കാർഷിക അവശിഷ്ടങ്ങൾക്ക് മൂല്യവർധനവ് നൽകുന്നതിനൊപ്പം സെല്ലുലോസ് ഉൽപ്പാദനത്തിന് സുസ്ഥിരമായ ഒരു മാർഗവും ഇത് മുന്നോട്ടുവയ്ക്കുന്നു.
ഈ രീതിയിൽ ലഭിക്കുന്ന സെല്ലുലോസിന് പരിസ്ഥിതി സൗഹൃദ പാക്കേജിങ്, സൗന്ദര്യവർധക-വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, മറ്റ് ജൈവ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിൽ വ്യാപകമായ പ്രയോഗസാധ്യതയുണ്ട്.
Photo Courtesy - Google











