
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പിന്റേയും സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റേയും ആഭിമുഖ്യത്തിൽ "മത്സ്യശേഖര വിലയിരുത്തലും ആവാസവ്യവസ്ഥാ മോഡലിങ്ങും" വിഷയത്തിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അധ്യാപകനായ ഡോ. സച്ചിനന്ദൻ ദത്ത കോഴ്‌സ് ഡയറക്ടറായും വിഷയവിദഗ്ധനായും പരിശീലനത്തിന് നേതൃത്വം നൽകി.
പരിപാടിയുടെ ഉദ്ഘാടനം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി നിർവഹിച്ചു. ചടങ്ങിൽ സമുദ്രജീവശാസ്ത്രം, മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പ് മേധാവി പ്രൊഫ. (ഡോ.) ടി. പി. സജീവൻ, സീനിയർ പ്രൊഫ. (ഡോ.) ബിജോയ് നന്ദൻ, ഇൻഡസ്ട്രിയൽ ഫിഷറീസ് സ്കൂൾ ഡയറക്ടർ പ്രൊഫ. (ഡോ.) മിനി ശേഖരൻ എന്നിവർ പങ്കെടുത്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 43 പേർ പങ്കെടുത്തു. മത്സ്യശേഖര വിലയിരുത്തലും ആവാസവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള മോഡലിങ്ങും സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വിദ്യാർഥികൾക്കും യുവ ഗവേഷകർക്കുമായി നൽകിയത്. മത്സ്യശാസ്ത്ര മേഖലയിലെ ഗവേഷണ-പ്രായോഗിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനാണ് പരിശീലനം ലക്ഷ്യമിട്ടത്.
സമാപന സമ്മേളനത്തിൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി ബേസ് സോണൽ ഡയറക്ടർ ഡോ. സിജോ പി. വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.ഡോ. എസ്. വേണു, സീനിയർ പ്രൊഫ്. (ഡോ.) എം. ഹരികൃഷ്ണൻ എന്നിവർ പരിപാടിക്ക് ഏകോപനം വഹിച്ചു.
Photo Courtesy - Google










