കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വാർഷിക മെറിറ്റ് ഡേ ഒക്ടോബർ 27-ന് ഉച്ചക്ക് 2:00ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയും സർവകലാശാല പ്രോ-ചാൻസലറുമായ ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
സർവകലാശാലയിലെ അധ്യാപകരുടെയും ഗവേഷക വിദ്യാർത്ഥികളുടെയും അധ്യാപനം, ഗവേഷണം, പാഠ്യേതര മേഖലകൾ എന്നിവയിലുണ്ടായ മികവിനെയും നേട്ടങ്ങളെയും അംഗീകരിച്ചാണ് എല്ലാ വർഷവും മെറിറ്റ് ഡേ സംഘടിപ്പിക്കുന്നത്. ചാൻസലേഴ്സ് അവാർഡ് വഴിയുള്ള പ്രൈസ് മണി ഉപയോഗിച്ചാണ് സർവകലാശാല ഈ അവാർഡുകൾ വിതരണം ചെയ്യുന്നത്. ഓരോ അവാർഡ് ജേതാക്കൾക്കും സമ്മാനത്തുകയും പ്രശസ്തിപത്രവുമാണ് നൽകുന്നത്.
മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന പി. ആന്റണി, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ശാസ്ത്രജ്ഞൻ ഡോ. മനോജ് എം.ജി, ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീൺ സി.എസ് എന്നിവർക്കാണ് 2024-ലെ Distinguished Young Faculty Award ലഭിക്കുന്നത്.
ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ ഡോ. ശിൽപ എസ്, കെമിസ്ട്രി വകുപ്പിലെ മുഹമ്മദ് ഹാഷിം കെ.കെ, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ മുകുൽ ദേവ് സുറീറ മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിലെ ഹരി പ്രവേദ് പി എന്നിവർക്കാണ് 2024-ലെ Distinguished Researcher Award ലഭിക്കുന്നത്.
ഈ ബഹുമതികൾക്ക് പുറമേ, വിവിധ വകുപ്പുകളിൽ അക്കാദമിക മികവിലൂടെ ശ്രദ്ധേയരായ 27 വിദ്യാർത്ഥികൾക്ക് സർവകലാശാല എൻഡൗമെന്റ് അവാർഡുകൾ നൽകും. കൂടാതെ 2024–25 വർഷത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച 28 വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിക്കും.








