
ക്വാർട്ടെൽസ് സിഇഓ ഷെമീം, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി കെ ബേബി, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ എന്നിവർ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻറർ ഫോർ ബജറ്റ് സ്റ്റഡീസും, ആധുനിക ഫിൻടെക് സാങ്കേതികവിദ്യകളുടെ വികസനത്തിൽ മുന്നണിയിൽ നിലക്കുന്ന ക്വാർട്ടെൽസ് (Qartelz) എന്ന സ്ഥാപനവും തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ തുടങ്ങാൻ ധാരണയായി.
ദേശീയതലത്തിൽ ഫിനാൻഷ്യൽ ടെക്നോളജി കോഴ്സുകളിൽ ഉന്നത നിലവാരം പുലർത്തുന്ന സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ, ഡിജിറ്റൽ സാമ്പത്തിക രംഗത്തെ തൊഴിൽ സാധ്യതകളെ ലക്ഷ്യമിട്ട് ഡിജിറ്റൽ ബാങ്കിംഗ്, ബ്ലോക്ക്ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരിത ഫിനാൻഷ്യൽ അനലിറ്റിക്സ്, റെഗുലേറ്ററി ടെക്നോളജി തുടങ്ങിയ മേഖലകളിൽ ആധുനിക ഫിൻടെക് കോഴ്സുകൾ ആരംഭിക്കുന്നതിനാണ് ധാരണയായത്.
വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സഹായകമായ ഇൻഡസ്ട്രി ഗ്രേഡ് പരിശീലനം, തത്സമയ ഡാറ്റാ അനലിറ്റിക്സ്, ഇൻഡസ്ട്രി മെന്ററിങ്, ലൈവ് പ്രൊജക്ടുകൾ എന്നിവയും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉറപ്പുവരുത്തും.
ഫിൻടെക് മേഖലയിലെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൻ്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടിയാണ് ഈ ധാരണാപത്രത്തിലെ ഒപ്പു വയ്ക്കൽ.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, ക്വാർട്ടെൽസ് സി ഇ ഒ ഷെമീം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സന്തോഷ് കുമാറും യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി കെ ബേബിയും സന്നിഹിതരായി.











