കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ദക്ഷിണേന്ത്യയിലെ സര്‍വകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനമായ 'തേജസ്വിയുടെ' ഉദ്ഘാടനം ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് 1.30ന് കുസാറ്റ് സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷൻ റിസോഴ്സ് മാനേജ്മന്റിൽ വെച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി. ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. അതോടൊപ്പം കുസാറ്റ് പുതുതായി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കുസാറ്റ് അനലിറ്റിക്കൽ ഇന്‍സ്ട്രുമെന്റ്സ് ഫെസിലിറ്റിയുടെ (സിഎഐഎഫ്) ഉദ്ഘാടനം നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഈ രണ്ട് സൗകര്യങ്ങളും കുസാറ്റിന്റെയും ശാസ്ത്രസമൂഹത്തിന്റെയും ശാസ്ത്ര സാങ്കേതിക രംഗത്തെ ഭാവി നൂതന വളര്‍ച്ചയ്ക്ക് മികവേകും.
തേജസ്വി എച്ച്പിസി സിസ്റ്റം 350 ടെറാഫ്ലോപ്പ്സ് (സസ്റ്റെയ്ൻഡ്) ശേഷിയുള്ള ഹൈബ്രിഡ് ഹൈ-പര്ഫോര്മന്സ് കമ്പ്യൂട്ടിംഗ് (HPC) സംവിധാനമാണ്. 102 കമ്പ്യൂട്ട് നോഡുകളും, 9 ജിപിയു നോഡുകളും, 2 പെറ്റാബൈറ്റ് ഫയല്‍ സ്റ്റോറേജും ഉള്‍ക്കൊള്ളുന്ന ഈ സംവിധാനം ഹ്യൂലറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസും (HPE), സ്റ്റാര്വണ് ഐടി സൊല്യൂഷന്‍സും ചേര്‍ന്നാണ് രൂപകല്പന ചെയ്ത് കുസാറ്റ് സെന്റർ ഫോർ ഇന്‍ഫര്‍മേഷൻ റിസോഴ്സ് മാനേജ്മന്റിൽ (CIRM) സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമറ്റ് മോഡലിങ്, കമ്പ്യൂട്ടേഷണൽ എഞ്ചിനിയറിങ്, ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്, മെഷീന് ലേണിങ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഇത് ഉപകരിക്കും. ദേശീയ, അന്തര്‍ദേശീയ തലത്തിൽ സര്‍വകലാശാലയുടെ ശാസ്ത്ര ഗവേഷണ വൈഭവത്തിന് ഇത് ഒരു വലിയ മുതല്‍ക്കൂട്ടാണ്. വരും കാലത്തിന്റെ ശാസ്ത്ര സാങ്കേതികത്വം നിര്‍മ്മിത ബുദ്ധിയിലും, ഡാറ്റാ ശാസ്ത്രത്തിലുമാകയാല് അതിനുതകുന്ന അതീവ കമ്പ്യൂട്ടേഷൻ എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ശാസ്ത്ര മേഖലയിലെ നൂതനമായ മികച്ച സാങ്കേതിക കഴിവ് എന്നിവ ഇതിലൂടെ സര്‍വകലാശാല സായത്വമാക്കിയിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി വഴി കുസാറ്റിന് ലഭ്യമായ 230 കോടി രൂപയിൽ 26 കോടി രൂപ ഉപയോഗിച്ചാണ് തേജസ്വി സ്ഥാപിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ കിഫ്ബി സഹായത്തോടെ 118 കോടിരൂപയാണ് അതിനൂതന ഗവേഷണ ഉപകരണങ്ങള്‍ വാങ്ങുവാൻ ഉപയോഗിച്ചത്. അത്തരം ഉപകരണങ്ങളും അതോടൊപ്പം സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിൽ ലഭ്യമായതും ഉപയോഗത്തിലുള്ളതുമായ ആധുനിക ഗവേഷണ ഉപകരണങ്ങളും ഏകോപിപ്പിച്ച് കുസാറ്റ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് ഫെസിലിറ്റി (കുസാറ്റ് അപഗ്രഥന ഉപകരണ സൗകര്യം) എന്ന ഏകീകൃത സംവിധാനം ഒരുക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്കും, ഗവേഷകര്‍ക്കും, പൊതു ജനങ്ങള്‍ക്കും, ഒരേ പ്ലാറ്റ്ഫോമിലൂടെ ഗവേഷണ ഉപകരണങ്ങളുടെ ഉപയോഗം ലഭ്യമാക്കാനും, സാമ്പിളുകളുടെ പരിശോധനക്കായി അയക്കാനും, ഉപയോഗ സാധ്യത നിശ്ചയിക്കാനും, ബുക്കിംഗുകള്‍ സമര്‍പ്പിക്കാനും, പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഒരു ഡിജിറ്റല്‍ സംവിധാനം കൂടി മികവാര്‍ന്ന രീതിയിൽ ഇവിടെ സ്ഥാപിതമാകുകയാണ്.
ആകെ 206 ഉപകരണങ്ങൾ ലഭ്യമാണ്. ഫീല്‍ഡ് എമിഷൻ സ്കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് (FESEM), എക്സ്-റേ ഡിഫ്രാക്ടോമീറ്റര് (XRD), കോണ്ഫോകൽ ലേസർ സ്കാനിങ് മൈക്രോസ്കോപ്പ്, ലിക്വിഡ് ക്രോമാറ്റോഗ്രാഫി ഹൈറെസല്യൂഷന്‍ മാസ് സ്പെക്ട്രോമെട്രി (LCHRMS), ഡി.എന്‍.എ. സാങര്‍ സീക്വന്‍സിങ് സംവിധാനം, ആറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പ് (AFM), രാമന് സ്പെക്ട്രോസ്കോപ്പി, സര്‍ഫസ് ഏരിയ അനലൈസര്‍, ഐസിപി-എംഎസ്-ഐസി എന്നിവയാണ് പ്രധാന ഉപകരണങ്ങള്‍.








