
ദോഹ: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി സംഘടനയായ ക്യൂബയുടെ ഖത്തർ ഘടകത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 25-ന് അൽ ജസീറ ഹാളിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സംഘടനാ പ്രസിഡന്റ് ശ്രീ. സൺലി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി ഭാവന, കലാക്ലബ് സെക്രട്ടറി ശ്രീമതി ഫാത്തിമ സന, കായിക സെക്രട്ടറി ശ്രീ. അഭിനന്ദ് ഭാസ്കർ, ശ്രീ. ദർഷാദ്, ശ്രീ. യദുകൃഷ്ണൻ, ശ്രീ. വിഷ്ണു, ശ്രീ. അബേയ് രാജൻ, ശ്രീമതി ഷിജിമ എന്നിവർ ചേർന്ന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുസാറ്റിന്റെ സൗഹൃദവും പൂർവവിദ്യാർഥികളുടെ കൂട്ടായ്മയും വിളിച്ചോതുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്ത പരിപാടി ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിന്തുണ നൽകിയ ഫ്ലൈഓവർ വണ്ടേഴ്സിനും ജിയോ പാനലിനും സംഘടന നന്ദി രേഖപ്പെടുത്തി. ഇരു സ്ഥാപനങ്ങളുടെയും സഹകരണവും പിന്തുണയും ഓണാഘോഷത്തിന്റെ വിജയത്തിന് ഏറെ സഹായകമായി.
പാരമ്പര്യവും സൗഹൃദവും കൂട്ടായ്മയും ഒത്തുചേർന്ന ഈ ഓണാഘോഷം കുസാറ്റ് പൂർവവിദ്യാർഥി കുടുംബത്തിന് മറക്കാനാവാത്ത മനോഹരമായ ഓർമ്മയായി മാറി.










