
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പ് 50-ആം സ്ഥാപകദിനം ആഘോഷിച്ചു. പരിപാടിയിൽ പൂർവ അദ്ധ്യാപകരായ പ്രൊഫ. കെ. എൽ സെബാസ്റ്റ്യൻ, പ്രൊഫ. എസ്. സുഗുണൻ, പ്രൊഫ. കെ. കെ. യുസുഫ്, പ്രൊഫ. ശ്രീകുമാർ, എമിരിറ്റസ് പ്രൊഫസർമാരായ കെ. ഗിരീഷ്കുമാർ, എസ്. പ്രതാപൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. 1976 നവംബർ പതിനെട്ടാം തീയതിയാണ് കുസാറ്റിൽ അപ്ലൈഡ് കെമിസ്ട്രി വകുപ്പ് തുടങ്ങിയത്. പരിപാടിയിൽ വകുപ്പിന്റെ വളർച്ചയിൽ പങ്കുവെച്ച എല്ലാ വിശിഷ്ട വ്യക്തികളെയും സ്മരിച്ചു.
പൂർവഅദ്ധ്യാപകർ വകുപ്പിലെ അവരുടെ അനുഭവങ്ങളെയും, ഉയർച്ചയുടെ ഓരോ കാലഘട്ടത്തെയും, ഓർമ്മകളെയും നിലവിലെ അദ്ധ്യാപക-വിദ്യാർത്ഥി സമൂഹവുമായി പങ്കുവെച്ചു. ഡിപ്പാർട്മെന്റും, വിദ്യാർത്ഥികളും, പൂർവവിദ്യാർത്ഥികളും കൈവരിച്ച മികച്ച നേട്ടങ്ങളെ പ്രത്യേകം പരാമർശിക്കുകയുണ്ടായി. കാലാനുസൃതമായി വരുത്തേണ്ട അക്കാഡമിക് പരിഷ്‌കാരങ്ങളെപറ്റി കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ് സംസാരിച്ചു. ഡിപ്പാർട്മെന്റിന്റെ അമ്പതാം വാർഷിക പരിപാടികൾക്ക് പൂർവാദ്ധ്യാപകർ ചേർന്ന് നിലവിളക്കുതെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനങ്ങൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ, ഇൻഡസ്ടറിമീറ്റ്, അലുംനിമീറ്റ്, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓപ്പൺ ഡേയ്സ് തുടങ്ങിയ ഒരു വർഷം നീണ്ടു നിൽക്കുന്ന കാര്യപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. യൂസഫ് കരുവാത്ത് അറിയിച്ചു. യോഗത്തിന്റെ സമാപന ചടങ്ങിൽ ഡോ. ജയശ്രീ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിച്ചു.







