
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേർസും(MDL) ചേർന്ന് CSR ഫണ്ടിംഗ് അടിസ്ഥാനത്തിൽ കുസാറ്റിൽ സെൻട്രൽ അക്കാദമിക് ബ്ലോക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കായി ധാരണാപത്രം (MoA) ഒപ്പുവച്ചു. സർവകലാശാലാ സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി സർവകലാശാലയുടെ അക്കാദമിക് അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരിയുടെ സാന്നിധ്യത്തിൽ, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു. ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായ സെൻട്രൽ അക്കാദമിക് ബ്ലോക്കിന്റെ സ്ഥാപനം 1.01 കോടി രൂപയുടെ അനുമതിയോടെ നടപ്പാക്കുന്നതാണ്. ഈ തുക MDL ന്റെ CSR ഫണ്ടിംഗിലൂടെ ലഭ്യമാക്കും. പദ്ധതിയുടെ ആകെ കണക്കാക്കിയ ചെലവ് 2.73 കോടി രൂപയാണ്.
പദ്ധതി പൂർത്തിയാക്കുന്നതിനായി 18 മാസമാണ് നിശ്ചയിച്ചിരിക്കുന്ന കാലാവധി. സെൻട്രൽ അക്കാദമിക് ബ്ലോക്ക് വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസന കേന്ദ്രമായും പ്രവർത്തിക്കും.
പദ്ധതിയുടെ സുതാര്യമായ നടപ്പാക്കലിനായി MDL–CUSAT CSR സംരംഭത്തിനായി പ്രത്യേക പ്രോജക്റ്റ് അക്കൗണ്ട് സർവകലാശാല നിലനിർത്തും. സർവകലാശാല എഞ്ചിനീയറിനൊപ്പം, ഷിപ്പ് ടെക്നോളജി വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും MDL–CSR ഫണ്ടിംഗ് കോഓർഡിനേറ്ററുമായ ഡോ. രാജേഷ് പി. നായരുടെ നേതൃത്വത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
MDL ഡയറക്ടർ കമാൻഡർ വാസുദേവ് പുരാനിക്, എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ കെ ചന്ദ്, ജനറൽ മാനേജർ സഞ്ജയ് കുമാർ, ചീഫ് മാനേജർ അനിൽ വാഡിൽ, മാനേജർ റോഹിത് പാണ്ഡ്യാ, ഡെപ്യൂട്ടി മാനേജർ വികാഷ് കൗശിക്, കുസാറ്റ് സിണ്ടിക്കേറ്റ് അംഗങ്ങൾ, കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പ് അസ്സോസിയേറ്റ് പ്രൊഫസർ, ഡോ. സതീഷ് ബാബു പി കെ, കുസാറ്റ് അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എൻജിനീയർ ശാന്തി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google








