
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർപേഴ്സൺ വി.കെ.സി റസാക്കും മന്ത്രി പി. രാജീവിന്റെ സാനിധ്യത്തിൽ ധാരണാപത്രം കൈമാറുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്), ഇന്ത്യൻ വ്യവസായ കോൺഫെഡറേഷന്റെ (സിഐഐ) കേരള ഘടകവും തമ്മിൽ വ്യവസായ-അക്കാദമിക സഹകരണം ശക്തമാകുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുസാറ്റിന്റെയും സിഐഐയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും സജീവമായ പ്രവർത്തനങ്ങളും, സഹകരണവും ഗവേഷണവുമൊക്കെയാണ് കരാറിന്റെ ലക്ഷ്യം.
ഈ ധാരണാപത്രം മുഖേന, സിഐഐ സ്ഥാപനങ്ങൾക്ക് കുസാറ്റിന്റെ ആധുനിക
ഗവേഷണഫലങ്ങളും ശാസ്ത്രജ്ഞരെയും പ്രയോജനപ്പെടുത്താനാകും. കുസാറ്റിന് വിവിധ വ്യവസായങ്ങളുമായിച്ചേർന്ന് ഗവേഷണവും സഹകരണവും സാധ്യമാക്കുകയുംചെയ്യും. ഭാവിയിൽ, കഴിവുള്ള പ്രൊഫെഷണലുകൾക്ക് സമൂഹത്തിന് പ്രയോജനകരമായ ഗവേഷണം നടത്താൻ ഈ ധാരണ വഴിയൊരുക്കും.
സിഐഐ കേരള സംസ്ഥാന കൗൺസിൽ യോഗത്തിൽ, സിഐഐ കേരള ചെയർപേഴ്സൺ വി.കെ.സി റസാക്ക്, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി എന്നിവരാണ് ധാരണാപത്രം കൈമാറിയത്. കേരള സർക്കാരിന്റെ വ്യവയസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ ഐ.ആർ.ടി.എസ്, സിഐഐ കേരള വൈസ് ചെയർപേഴ്സൺ ജോസഫ് എം. കള്ളിവയലിൽ, ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ റികാന്ത് പിറ്റി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ.യു, സിഐഐ കേരള ഡയറക്ടറും ഹെഡ്ഡുമായ ബി. ജെയ്കൃഷ്ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സ്പോൺസേർഡ് ഗവേഷണ പദ്ധതികൾ, കുസാറ്റിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, സംയുക്ത സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ട്രെയിനിങ് പരിപാടികൾ, വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പുകൾ, സർവകലാശാലയുടെ ശാസ്ത്രീയ സൗകര്യങ്ങളുടെ കൈമാറ്റം എന്നിവ ഈ ധാരണാപത്രത്തിലൂടെ നടപ്പിലാക്കും.
Photo Courtesy - Google










