
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംഎസ് സി ഫോട്ടോണിക്സ് പൂർവ്വവിദ്യാർത്ഥിനി ലൊറെയ്ൻ രാജു കളത്തിൽലിന് യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ യൂറോപ്പ് പദ്ധതിയിലെ മേരി സ്ക്ലോഡോവ്സ്കാ–ക്യൂറി (MSCA) ഡബിൾ ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. FunctiGlass എന്ന പേരിലുള്ള നാല് വർഷത്തെ ജോയിന്റ് ഡോക്ടറൽ പ്രോഗ്രാം ഫ്രാൻസിലെ Université Côte d'Azur – CNRS ലും ഫിൻലാൻഡിലെ Tampere University യിലും ഒരുമിച്ച് നടത്തപ്പെടുന്നു. 2025 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ലൊറെയ്നിന് ഫെലോഷിപ്പിന്റെ ഭാഗമായി പ്രതിമാസം ഏകദേശം 2700 യൂറോ സ്റ്റൈപെൻഡ് ലഭിക്കും. മൊത്തം തുക ഏകദേശം 1.3 കോടി രൂപ (1,29,600 യൂറോ) വരും. ഫംഗ്ഷണൽ ഗ്ലാസ് ഗവേഷണ രംഗത്തെ പുരോഗതി ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾ ചേർന്ന് മുന്നോട്ട് കൊണ്ടുപോകുന്ന FunctiGlass പദ്ധതിക്ക് പൂർണ്ണമായും ധനസഹായം നൽകുന്നത് യൂറോപ്യൻ യൂണിയന്റെ Horizon Europe – MSCA ആണ്. ഫ്രാൻസിലെ CNRS റിസർച്ചർ ഡോ. മെത്തിയൂ ബെലെക്യും, ഫിൻലാൻഡിലെ Tampere University പ്രൊഫസർ ഡോ. ലെറ്റീഷ്യ പെറ്റിറ്റ്യും ചേർന്നാണ് മാർഗ്ഗനിർദ്ദേശം നൽകുന്നത്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയായ ലൊറെയ്ൻ, രാജുവിന്റേയും സൗമ്യയുടേയും മകളാണ്.







