
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംഎസ് സി ഫിസിക്സ് പൂർവ്വവിദ്യാർത്ഥിയായ ജോൺസ് അജിക്ക് ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിൽ ഡോ. ജനാ സൌംസൈൽ കീഴിൽ "N-Heteropolycycles as Functional Materials" എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് ലഭിച്ചു. ജർമ്മൻ റിസർച്ച് ഫൌണ്ടേഷനായ DFG യുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ഗവേഷണ പദ്ധതിക്ക് ജോൺസ് അജിക്ക് മൂന്ന് വർഷ കാലയളവിൽ പ്രതിമാസം 3101 യൂറോ വീതം സ്റ്റൈപ്പന്റ് ലഭിക്കും. മൊത്തം തുക ഏകദേശം 1.1 കോടി രൂപ (1,11,636 യൂറോ) വരും. ഗവേഷണത്തിന്റെ ഭാഗമായി ഓർഗാനിക് ഫോട്ടോഡയോഡുകളുടെ നിർമ്മാണം, വിശകലനം, രേഖീയവും ചാക്രികവുമായ ധ്രുവീകരിച്ച പ്രകാശത്തോട് പ്രതികരിക്കുന്ന സംവിധാനങ്ങളുടെ പഠനം, ഡാറ്റ വിശകലനം, ശാസ്ത്രീയ അവതരണങ്ങൾ, കൂടാതെ വിദ്യാർത്ഥികളുടെ ഗവേഷണ മാർഗ്ഗനിർദ്ദേശം എന്നിവ ഉൾപ്പെടും. 2024 എംഎസ് സി ഫിസിക്സ് പൂർവ്വവിദ്യാർത്ഥിയായ ജോൺസ്, ഐഐടി ബോംബെയിൽ ഒരു വർഷം പ്രൊജക്റ്റ് അസ്സോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശിയായ ജോൺസ്, അജി ജോണിന്റെയും മിനി ജേക്കബിന്റെയും മകനാണ്.







