
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ഭൗമ-സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണൻ നായർ ടി. എം. കേന്ദ്ര ഭൗമ മന്ത്രാലയത്തിൻറെ കീഴിലുള്ള, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സെർവീസസിന്റെ (ഇൻകോയിസ്) പുതിയ മേധാവിയായി ചുമതലയേറ്റു. 1991-1993 കാലയളവിൽ കുസാറ്റ്, സ്കൂൾ ഓഫ് മറൈൻ സയൻസിലെ, ഡിപ്പാർട്മെൻറ് ഓഫ് മറൈൻ ജിയോളജി ആൻഡ് ജിയോഫ്യ്സിക്സിൽ നിന്നും ബിരുദാനന്തര ബിരുദവും, ഗോവ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിൽ നിന്നും ഡോക്ടറേറ്റും, ജർമ്മനി, യൂണിവേഴ്സിറ്റി ഓഫ് ബ്രെമെനിൽ നിന്നും പോസ്റ്റ്-ഡോക്ടറൽ ബിരുദവും കരസ്ഥമാക്കിയതിനു ശേഷമാണു കാസർഗോഡ്കാരനായ ഡോ. ബാലകൃഷ്ണൻ 2001 മാർച്ചിൽ, ശാസ്ത്രജ്ഞനായി ഇൻകോയ്‌സിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇൻകോയിസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം, ഗവേഷകനെന്ന നിലയിൽ 25 വർഷത്തിലേറെ പരിചയമുള്ളയാളും, ഇൻകോയിസിന്റെ ഓഷ്യൻ ഇൻഫർമേഷൻ ആൻഡ് ഫോർകാസ്റ്റ് സർവീസ് ഗ്രൂപ്പിനെ നയിച്ചും, ഇൻകോയിസിന്റെ ഡയറക്ടർ-ഇൻ-ചാർജ് എന്ന നിലയിൽ നേതൃത്വം നൽകിയും പ്രാഗത്ഭ്യം തെളിയിച്ച ശേഷമാണ് പുതിയ ഡയറക്ടറായി ചുമതലയേൽക്കുന്നത്. കുസാറ്റ്, ഡിപ്പാർട്മെൻറ് ഓഫ് മറൈൻ ജിയോളജി ആൻഡ് ജിയോഫ്യ്സിക്സിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ ഡോ. തമ്പാൻ മേലോത്, കേന്ദ്ര ഭൗമ മന്ത്രാലയത്തിൻറെ തന്നെ കീഴിലുള്ള നാഷണൽ ഗോവയിലെ, സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ (എൻ.സി.പി.ഓ.ആർ), നിലവിലെ ഡയറക്ടറാണ്.











