06:07am 13 November 2026
NEWS
ബംഗാൾ ഉൾക്കടലിലെ അന്താരാഷ്ട്ര സമുദ്രഗവേഷണത്തിലേക്ക് കുസാറ്റ് പൂർവവിദ്യാർത്ഥികൾ അമേരിക്കൻ ഗവേഷക കപ്പലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാലംഗ സംഘം
06/08/2025  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബംഗാൾ ഉൾക്കടലിലെ അന്താരാഷ്ട്ര സമുദ്രഗവേഷണത്തിലേക്ക് കുസാറ്റ് പൂർവവിദ്യാർത്ഥികൾ അമേരിക്കൻ ഗവേഷക കപ്പലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാലംഗ സംഘം

കൊച്ചി: ബംഗാൾ ഉൾക്കടലിൽ ആഗോള തലത്തിൽ നടക്കുന്ന സമുദ്രശാസ്ത്രത്തിലെ പ്രധാന ഗവേഷണയാത്രയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിലെ നാല് പൂർവ്വവിദ്യാർത്ഥികൾ. അമേരിക്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകോത്തര ഓഷ്യാനോഗ്രാഫിക് ഗവേഷണ കപ്പലായ ആർ.വി. തോമസ് ജി. തോംസണിൽ ജൂൺ 22 മുതൽ ആഗസ്റ്റ് 9 നടക്കുന്ന സമഗ്രഗവേഷണത്തിൽ പങ്കെടുക്കുന്നത് ഡോ. സുധീഷ് വി.എസ്. (ടെക്‌നിക്കൽ ഓഫീസർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), അക്ഷയ ഹരിദാസ് (പി.എച്ച്.ഡി. ഗവേഷക, യൂണിവേഴ്സിറ്റി ഓഫ് മാസ്സചൂസറ്റ്സ്, യുഎസ്), എലൻ റെജി (പി.എച്ച്.ഡി. ഗവേഷക, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലൈന, യുഎസ്), ജോർജ് സ്നിജിൻ (പ്രോജക്റ്റ് അസിസ്റ്റന്റ്, കെമിക്കൽ ഒഷ്യാനോഗ്രാഫി വിഭാഗം, കുസാറ്റ്) എന്നീ കുസാറ്റ് പൂർവവിദ്യാർത്ഥിളാണ്. കുസാറ്റ് നൽകിയ ശാസ്ത്രീയ അടിസ്ഥാനവും ഗവേഷണ പരിശീലനവും ഇവർക്ക് ശാസ്ത്രീയരംഗത്ത് ആഗോള മുന്നേറ്റമുണ്ടാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഗവേഷണസംഘത്തിൽ എട്ട് രാജ്യങ്ങളിലെ 17 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 30 ഗവേഷകർ പങ്കെടുക്കുന്നുണ്ട്.

 കുസാറ്റിലെ കെമിക്കൽ ഓഷനോഗ്രഫി ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ഡോ. ഷജു എസ്. എസ്. ഐഎസ്ആർഒയുമായി സഹകരിച്ച് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നടത്തുന്ന സമുദ്രപഠനമാണ് ഈ ഗവേഷണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിവിധ രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകളിലുമായി നടക്കുന്ന ഈ യാത്ര, തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ആരംഭിച്ച് ലോകം ചുറ്റി അവിടെത്തന്നെ അവസാനിക്കും. നൂതന ശാസ്ത്ര ഉപകരണങ്ങൾ വഹിക്കുന്ന ഈ കപ്പൽ സമുദ്രങ്ങളിലൂടെയുള്ള ജൈവവരാസവൈവിധ്യത്തെ നിരീക്ഷിക്കുകയും ഓക്സിജൻ മിനിമം സോണുകളും അതിന്റെ സമുദ്ര ജൈവരാസ ചക്രങ്ങളിൽ ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യും.

കാർബൺ, നൈട്രജൻ, സൾഫർചക്രങ്ങളിലെ വ്യത്യാസങ്ങൾ മനസ്സിലാക്കി സമുദ്രത്തിൽ ഓക്സിജന്റെ അളവിലെ ചെറിയ മാറ്റങ്ങൾ പോലും മൈക്രോബിയൽ സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് ആഴത്തിൽ പഠിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്‌ഷ്യം. കൂടാതെ, വായു-ജല ഇടപെടലുകൾ, ട്രേസ് ഗ്യാസുകളുടെ രൂപീകരണം, മൺസൂൺ സ്വഭാവം, കാലാവസ്ഥാവ്യതിയാനങ്ങൾ എന്നിവയും ഗവേഷണസംഘത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img