
ഡോ. എം. ജുനൈദ് ബുഷിരി, സ്ലോവാക്യൻ ഗ്രാന്റ് മാസ്റ്റർ മികുലാസ് മാനിക്കിനെതിരെ കരുനീക്കി ഉദ്ഘാടനം ചെയുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന 34-ാമത് കുസാറ്റ് ഫിഡെ റേറ്റിംഗ് അഖിലേന്ത്യാ ചെസ്സ് ടൂർണ്ണമെന്റ് ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, സ്ലോവാക്യൻ ഗ്രാന്റ് മാസ്റ്റർ മികുലാസ് മാനിക്കിനെതിരെ കരുനീക്കി മത്സരം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എ യു അരുൺ അധ്യക്ഷനായി.
1989 ൽ ആരംഭിച്ച കുസാറ്റ് ചെസ് ടൂർണമെന്റ് 1996 ലാണ് ഫിഡേറേറ്റിംഗ് ടൂർണ്ണമെൻ്റായി മാറിയത്. 2019 വരെ കുസാറ്റ് ചെസ്സ് ക്ലബ്ബ് ആണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മത്സരത്തിന് ദേശീയ പ്രാധാന്യം കൈവന്നതോടെ കുസാറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ സർവകലാശാലയുടെ ഔദ്യോഗിക കായിക ഇനമായാണ് ടൂർണ്ണമെന്റ് നടക്കുന്നത്.
പ്രായഭേദമന്യെ പൊതുജനങ്ങൾക്കായി ഒരു സർവകലാശാല സംഘടിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഫിഡേ റേറ്റിംഗ് ചെസ്സ് ടൂർണ്ണമെന്റ് എന്ന പ്രത്യേകതയും കുസാറ്റ് ചെസ്സിനുണ്ട്.
നിലവിൽ മത്സരിക്കുന്ന 580 പേരിൽ 268 ഫിഡേ റേറ്റഡ് കളിക്കാരുണ്ട്. വിവിധ കാറ്റഗറിയിലായി വിജയികൾക്ക് മൂന്നര ലക്ഷം രൂപ ക്യാഷ് പ്രൈസും 80 ട്രോഫികളുമുണ്ട്. എട്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരം 27ന് വൈകിട്ട് സമാപിക്കും.
കുസാറ്റ് സിൻഡിക്കറ്റംഗം ഡോ. ശശി ഗോപാലൻ, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ആർബിറ്റർ കമ്മീഷൻ ചെയർമാൻ ആർ രാജേഷ്, ഇന്റർനാഷണൽ ആർബിറ്റേറ്റർ എം എഫ്രേം, ടൂർണ്ണമെന്റ് കൺവീനർ എ എം ഉണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.










