കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ടൈം ഹയർ എഡ്യൂക്കേഷൻ (THE) ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ് 2026ൽ 201-250 ബാൻഡിൽ ഇടം നേടി. കഴിഞ്ഞ വർഷത്തെ 351-400 ബാൻഡിൽ നിന്നാണ് ഈ മുന്നേറ്റം. ഏകദേശം 150-ത്തിലധികം സ്ഥാനങ്ങളുടെ മുന്നേറ്റമാണ് കൈവരിച്ചു.
ദേശീയ തലത്തിലും കുസാറ്റ് ശക്തമായ സ്ഥാനം ഉറപ്പിച്ചു. റാങ്കിങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ 15-ൽ ഇടം നേടി, രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെയും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും നിരയിൽ സ്ഥാനം നേടി.
ഈ നേട്ടം കുസാറ്റിന്റെ ത്വരിത വളർച്ചയേയും ഏഷ്യയിലെ മുൻനിര ഉന്നത വിദ്യാഭ്യാസ സംസ്ഥാനം എന്ന നിലക്കുള്ള അതിന്റെ ഉയർച്ചെയെയും പ്രതിഫലിപ്പിക്കുന്നു. അക്കാദമിക് നിലവാരം, ഗവേഷണ ശേഷി എന്നിവ ശക്തിപ്പെടുത്തൽ, ആഗോള പങ്കാളിത്തത്തോടെ വികസനം എന്നിവയിൽ സർവകലാശാല ശ്രമങ്ങളുടെ ഫലമാണ് ഈ മുന്നേറ്റം.
ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ് നിർണ്ണയിക്കുന്ന പ്രധാന മാനദണ്ഡങ്ങളായ പഠന-അധ്യാപന അന്തരീക്ഷം, ഗവേഷണ അന്തരീക്ഷം, ഗവേഷണ ഗുണമേന്മ, അന്തർദേശീയ കാഴ്ചപ്പാട്, വ്യവസായ സഹകരണം എന്നിവയിൽ സർവകലാശാല ശ്രദ്ധേയ പുരോഗതി കൈവരിച്ചു. ഗവേഷണ ഗുണമേന്മയിലും സൈറ്റേഷൻ സ്വാധീനത്തിലും ഉണ്ടായ വർധനവും അന്തർവിഭാഗീയവും സഹകരണാത്മകവുമായ ഗവേഷണ പ്രവർത്തനങ്ങളുടെ വർധനവും ഈ നേട്ടത്തിന് നിർണ്ണായകമായി.
ഈ നേട്ടം സർവകലാശാലയെ നിരവധി സംസ്ഥാന സർവകലാശാലകളേക്കാൾ മുന്നിലെത്തിക്കുകയും രാജ്യത്തെ ഉയർന്ന പ്രകടനമുള്ള പുതുതലമുറ സ്ഥാപനങ്ങളോടൊപ്പം നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ പുരോഗതി നിലനിർത്തുന്നതിനും കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനും ഞങ്ങൾ പ്രതിബദ്ധമാണെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പറഞ്ഞു.
ഭാവിയിൽ ഗവേഷണ പരിസരം കൂടുതൽ ശക്തിപ്പെടുത്തുക, അന്തർദേശീയ സഹകരണങ്ങൾ വ്യാപിക്കുക, നവോത്ഥാനാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവ വഴി ഈ നേട്ടം കൂടുതൽ ഉയർത്താൻ സർവകലാശാല ലക്ഷ്യമിടുന്നു










