11:47pm 11 November 2026
NEWS
ആഗോള റാങ്കിംഗുകളിൽ കുസാറ്റിന് മുന്നേറ്റം
21/11/2025  03:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആഗോള റാങ്കിംഗുകളിൽ കുസാറ്റിന് മുന്നേറ്റം

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോള ഉന്നത വിദ്യാഭ്യാസ റാങ്കിംഗുകളിൽ ഗവേഷണ മികവിലും അന്തർവിഭാഗ നവോത്ഥാനത്തിലും സുസ്ഥിര വികസന പ്രതിബദ്ധതയിലും പുതിയ നേട്ടങ്ങൾ കൈവരിച്ചു. ടൈംസ് ഹൈയർ എഡ്യൂക്കേഷൻ (THE) Interdisciplinary Science Rankings 2026ലും QS World University Rankings: Sustainability 2026 ലും ഉൾപ്പടെ രണ്ട് പ്രധാന അന്താരാഷ്ട്ര വിലയിരുത്തലുകളിലാണ് കുസാറ്റ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

THE Interdisciplinary Science Rankings 2026-ൽ കുസാറ്റ് 251–300 ആഗോള റാങ്ക് ബാൻഡിൽ സ്ഥാനം ലഭിച്ചു. 2025ലെ 351–400 ബാൻഡ് നിന്ന് ലഭിച്ച ഈ വൻ മുന്നേറ്റം കുസാറ്റിനെ കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ച ഏക സർവകലാശാലയാക്കി ഉയർത്തുന്നു. കൂടാതെ, ഇന്ത്യയിൽ 16-ാം സ്ഥാനവും നേടി. സങ്കീർണ്ണമായ ശാസ്ത്രീയ വെല്ലുവിളികളെ ഏകോപിത ഗവേഷണത്തിലൂടെ പരിഹരിക്കാനുള്ള കഴിവാണ് ഈ റാങ്കിങ്ങിലൂടെ വിലയിരുത്തുന്നത്. ശാസ്ത്രം, എഞ്ചിനീയറിംഗ്, സമുദ്രശാസ്ത്രം, ടെക്നോളജി തുടങ്ങിയ മേഖലകളിലുടനീളം കുസാറ്റ് വികസിപ്പിച്ച ശക്തമായ ഗവേഷണ പരിസ്ഥിതിയും അന്തർവിഭാഗ സഹകരണങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.

ആഗോള നേട്ടങ്ങൾക്ക് പുറമേ, 2026 ലെ ക്യുഎസ് സുസ്ഥിരതാ റാങ്കിംഗിൽ സർവകലാശാല 777-ാം സ്ഥാനം നേടി, കഴിഞ്ഞ വർഷം 971-980 ബാൻഡിൽ നിന്ന് ഏകദേശം 200 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കുസാറ്റ് കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 32-ാം സ്ഥാനവും കരസ്ഥമാക്കി. പാരിസ്ഥിതിക, സാമൂഹിക സ്വാധീനം, ഭരണ സൂചകകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്യുഎസ് സുസ്ഥിരതാ റാങ്കിംഗ് വിലയിരുത്തുന്നത്.

ഇതോടൊപ്പം, QS Asia University Rankings 2026-ലും കുസാറ്റ് ശ്രദ്ധേയ ഉയർച്ച കൈവരിച്ചു. 2025ലെ 601–620 ബാൻഡിൽ നിന്ന് 509-ാം സ്ഥാനത്തേക്ക് കുസാറ്റ് മുന്നേറി.

2025-ൽ പ്രസിദ്ധീകരിച്ച എല്ലാ ദേശീയ–അന്തർദേശീയ റാങ്കിംഗുകളിലും കുസാറ്റ് പുരോഗതി കൈവരിച്ചിരിക്കുകയാണ്. ഗവേഷണ മികവിനെയും സാമൂഹിക പ്രതിബദ്ധതയെയും സുസ്ഥിര വികസനാഭിലാഷങ്ങളെയും ആസ്പദമാക്കി സർവകലാശാല നേടുന്ന ഈ അന്താരാഷ്ട്ര അംഗീകാരങ്ങൾ കുസാറ്റിന്റെ മാറ്റ് കൂട്ടുന്നു. ഗ്ലോബൽ റാങ്കിംഗുകളിൽ ഉണ്ടാകുന്ന തുടർച്ചയായ വളർച്ച കുസാറ്റിന് മികച്ച അധ്യാപകരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും ആകർഷിക്കാനും അന്താരാഷ്ട്ര സഹകരണങ്ങൾ, ഗവേഷണ ഫണ്ടിംഗ്, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവ ശക്തിപ്പെടുത്താനുമുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img