04:49am 10 November 2026
NEWS
കുസാറ്റ് 2025 പൂർവവിദ്യാർഥി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ലെഫ്റ്റനന്റ് കേണൽ അനീഷ് മോഹൻ, ഡോ. തമ്പാൻ മേലോത്ത്, ചെറിയാൻ കുര്യൻ എന്നിവർ പുരസ്കാരജേതാക്കൾ
19/06/2025  05:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് 2025 പൂർവവിദ്യാർഥി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ലെഫ്റ്റനന്റ് കേണൽ അനീഷ് മോഹൻ, ഡോ. തമ്പാൻ മേലോത്ത്, ചെറിയാൻ കുര്യൻ എന്നിവർ പുരസ്കാരജേതാക്കൾ
HIGHLIGHTS

1. Lieutenant Colonel Aneesh Mohan

2. Dr. Thamban Meloth

3. Cherian Kurien

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2025ലെ ഡിസ്റ്റിംഗ്വിഷ്ഡ് അലുമ്നി അവാർഡുകൾ പ്രഖ്യാപിച്ചു. ലെഫ്റ്റനന്റ് കേണൽ അനീഷ് മോഹൻ, പോളാർ ആൻഡ് ഓഷ്യൻ റിസർച് സെന്ററിന്റെ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത്, ടേസ്റ്റി നിബിൾസിന്റെ സ്ഥാപകൻ ശ്രീ. ചെറിയാൻ കുര്യൻ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. അലുമ്നി നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ അവാർഡ് സർവകലാശാലയുടെ പൂർവ വിദ്യാർത്ഥികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ്. തങ്ങളുടെ മേഖലയിലെ ഉന്നതിയിലെത്തുകയും, സർവകലാശാലയ്ക്ക് അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത പൂർവവിദ്യാർത്ഥികളെയാണ് ഈ പുരസ്കാരം ആദരിക്കുന്നത്. അവാർഡിനൊപ്പം പ്രശസ്തിപത്രവും, 50,000 രൂപയുമാണ് നൽകുന്നത്. സംസ്ഥാനത്തെ ഒരു സർവകലാശാല പൂർവവിദ്യാർത്ഥികൾക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് കുസാറ്റ് വിശിഷ്ട പൂർവവിദ്യാർത്ഥി പുരസ്കാരം.

അക്കാദമിക-ഗവേഷണ മികവ്, ബിസിനസ്/ഇന്‍ഡസ്ട്രി/എന്റര്‍പ്രൈസ് എന്നിവയിലെ നേതൃത്വവും നവീകരണവും, സ്വാധീനം ചെലുത്തിയ സാമൂഹിക ഇടപെടലുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി പുരസ്‌കാരങ്ങൾ  നല്‍കുന്നത്. ഈ വർഷം 16 നോമിനേഷനുകൾ ലഭിച്ച പുരസ്കാരങ്ങൾക്കുള്ള അവസാന റൗണ്ട് തിരഞ്ഞെടുപ്പ് നിർവഹിച്ചത് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി, കുസാറ്റ് അലുമ്നി നെറ്റ്വർക്ക് പ്രസിഡന്റ് ശ്രീ. ദീപക് അസ്വാനി, കേരള സർക്കാർ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. മുഹമ്മദ് ഹനീഷ് എ.പി.എം ഐഎഎസ്, കേന്ദ്രസർക്കാരിന്റെ ദേശീയവിദ്യാഭ്യാസനയത്തിന്റെ മുൻ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ഡോ. ഷക്കീല ടി ഷംസു, കുസാറ്റ് ഐക്യുഎസി ഡയറക്ടർ ഡോ.സാം തോമസ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ്.

സ്വാധീനം ചെലുത്തിയ സാമൂഹിക ഇടപെടലുകൾ എന്ന വിഭാഗത്തിൽ ലെഫ്റ്റനന്റ് കേണൽ അനീഷ് മോഹനും, അക്കാദമിക് ആൻഡ് റിസർച്ച്എക്സലൻസ് എന്ന വിഭാഗത്തിൽ ഡോ. തമ്പാൻ മേലോത്തിനും, ബിസിനസ്/ഇൻഡസ്ടറി/എന്റർപ്രൈസ് വിഭാഗത്തിൽ ശ്രീ. ചെറിയാൻ കുര്യനുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

2003-07 ബാച്ച് ബി.ടെക്ക് സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി ലെഫ്. കേണൽ അനീഷ് മോഹൻ 2012 മുതൽ ഇന്ത്യൻ ആർമിയുടെ എൻജിനീയറിങ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചത്. 2024ലെ വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈ ഗ്രാമത്തിൽ പാലം തകർന്നപ്പോൾ, ചുരുങ്ങിയ സമയംകൊണ്ട് – വെറും 36 മണിക്കൂറിനകം – ബെയ്ലി പാലം പണിയുന്നതിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ദൗത്യം ഏറെ സാമൂഹ്യശ്രദ്ധ നേടിയതാണ്.

ഡോ. തമ്പാൻ മേലോത്ത് 1993ൽ കുസാറ്റിൽ നിന്നും മറൈൻ ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി, പിന്നീട് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോൾ പോളാർ ആൻഡ് ഓഷ്യൻ റിസർച് സെന്ററിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ അന്റാർട്ടിക്ക, ആർക്ക്ടിക്, ഹിമാലയൻ മേഖലകളിൽ വലിയ ശാസ്ത്രീയ പഠനങ്ങൾ നയിച്ചു. പോളാർ ഐസ് കോർ പഠനത്തിനായി ദക്ഷിണേഷ്യയിലെ ആദ്യത്തെ ഐസ് കോർ ലാബ് സ്ഥാപിച്ച വ്യക്തിയായ അദ്ദേഹം ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫെലോയും വിവിധ ദേശീയ അവാർഡുകളുടെ ജേതാവുമാണ്.

ശ്രീ. ചെറിയാൻ കുര്യൻ 1980-ൽ കുസാറ്റിൽ നിന്ന് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം നേടി. ‘ടേസ്റ്റി നിബിൾസ്’ എന്ന പ്രശസ്തമായ ഭക്ഷണ ബ്രാൻഡിന്റെ സ്ഥാപകനാണ്. ഫ്രീസ് ഡ്രൈഡ് ഷ്രിംപ്സ്, സൂഷി ഷ്രിംപ്സ്, അക്വാഫീഡ് തുടങ്ങിയവ തയ്യാറാകുന്ന അദ്ദേഹത്തിന്റെ കമ്പനിയായ എച്ഐസി - എബിഎഫ് സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, എട്ട് തവണ എംപിഇഡിഎ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 600-ലധികം പേർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നു അദ്ദേഹത്തിന്റെ കമ്പനി.

കുസാറ്റിന്റെ പൂർവവിദ്യാർത്ഥിശാക്തീകരണ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് പുരസ്‌കാരം. കൂടാതെ, കുസാറ്റ് അലുംനി അഡ്ജങ്റ്റ് ഫാക്കൽറ്റി സ്കീം എന്ന പദ്ധതിയും കുസാറ്റ് 2022ൽ ആരംഭിച്ചിരുന്നു. വിദഗ്ധരായ അലുമ്നികളെ സർവകലാശാലയുടെ അക്കാദമിക്-റിസർച്ച് പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img