രാജ്യസഭയിൽ കോൺഗ്രസ് നേതാവിന്റെ സീറ്റിൽനിന്ന് നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്‌വിയുടെ സീറ്റിൽനിന്നും നോട്ടുകെട്ടു കണ്ടെത്തിയെന്നാണ് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ വെളിപ്പെടുത്തിയത്. ഇന്നലെ സഭ പിരിഞ്ഞശേഷം ചേംബറിലെ പതിവു പരിശോധനയ്ക്കിടെയാണു നോട്ടുകൾ കണ്ടെത്തിയതെന്നാണ് ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധൻകർ വെളിപ്പെടുത്തിയത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ജഗദീപ് ധൻകർ വ്യക്തമാക്കി.
‘‘ഇന്നലെ രാജ്യസഭ നിർത്തിവച്ചശേഷം ചേംബറിൽ നടത്തിയ പതിവു പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സീറ്റ് നമ്പർ 222ൽ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കറൻസി നോട്ടുകൾ ലഭിച്ചത്. ഈ സീറ്റ് തെലങ്കാന സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്‌വിക്ക് അനുവദിച്ചിരിക്കുന്നതാണ്. വിഷയം ഉദ്യോഗസ്ഥർ എന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.’’ – ജഗദീപ് ധൻകർ അറിയിച്ചു.
ഇതിനു പിന്നാലെ വിശദീകരണവുമായി സിങ്‌വി രംഗത്തെത്തി. ‘‘ഞാൻ ഇതുവരെ സംഭവത്തെക്കുറിച്ച് കേട്ടിട്ടില്ല. രാജ്യസഭയിലേക്കു ഇന്നലെ പോകുമ്പോൾ ഒരു 500 രൂപ നോട്ട് കൈവശം വച്ചിരുന്നു. ഉച്ചയ്ക്ക് 12:57നാണ് സഭയിലെത്തിയത്. ഒരു മണിയോടെ സഭ നിർത്തിവച്ചു. ഉച്ചയ്ക്ക് 1:30 വരെ ഞാൻ പാർലമെന്റ് കന്റീനിൽ ഉണ്ടായിരുന്നു. അതിനുശേഷം പാർലമെന്റിൽനിന്നും മടങ്ങിപ്പോയി.’’ – സിങ്‌വി പറഞ്ഞു.